ന്യൂഡല്‍ഹി: നേരത്തെ വാദം കേള്‍ക്കാനുള്ള തീയതി ആവശ്യപ്പെട്ട അഭിഭാഷകനോട് അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഓരോ ദിവസവും ജഡ്ജിമാര്‍ എത്രമാത്രം സമ്മര്‍ദ്ദത്തിലാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നേരത്തെ വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചപ്പോള്‍ ‘കോടതിയോട് ആജ്ഞാപിക്കേണ്ടതില്ല’ എന്നായിരുന്നു ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ശിവസേനയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ മഹാരാഷ്ട്ര സ്പീക്കര്‍ വിസമ്മതിച്ചതിനെതിരെ ശിവസേന നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
‘കോടതിയോട് നിര്‍ദ്ദേശിക്കരുത്. ഇവിടെ വന്ന് ഇരുന്ന് കോടതി മാസ്റ്ററോട് നിങ്ങള്‍ക്ക് ഏത് തീയതിയാണ് വേണ്ടതെന്ന് പറഞ്ഞുകൂടേ? ആത്യന്തികമായി ഇത് കടന്ന കൈയാണ്. കോടതിയുടെ ഈ സമയത്തെ ജോലിയുടെ സമ്മര്‍ദ്ദം നിങ്ങള്‍ കാണുന്നില്ലെ. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ഇരിക്കുക. ഒരു ദിവസം മുഴുവന്‍ ഇവിടെ ഇരിക്കൂ, നിങ്ങള്‍ നിങ്ങളുടെ ജീവനും കൊണ്ട് ഓടുമെന്ന് ഉറപ്പാണ്’, ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെ ഗ്രൂപ്പിന്റെ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ മഹാരാഷ്ട്ര സ്പീക്കര്‍ വിസമ്മതിച്ചതിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോടതി ഇടപെടല്‍. കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും, മറ്റൊരു വിഷയത്തിന്റെ ഭാഗം കേള്‍ക്കുന്നതിനാല്‍ ബെഞ്ച് അത് പരിഗണിച്ചില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ നേരത്തെ വാദം കേള്‍ക്കാനുള്ള തീയതി വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. രേഖകള്‍ തയ്യാറാക്കാന്‍ പ്രതിഭാഗം സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി അടുത്ത വ്യാഴാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രേഖകള്‍ ശേഖരിക്കാമെന്ന് ചൂണ്ടിക്കാട്ടി വാദിഭാഗം അഭിഭാഷകന്‍ തീയതി നേരത്തെ ആക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.