അജ്ഞാത വാഹനം ഇടിച്ച് വയോധിക മരിച്ച സംഭവം; ഹൈദരാബാദ് സ്വദേശി പിടിയില്‍

അജ്ഞാത വാഹനം ഇടിച്ച് വയോധിക മരിച്ച സംഭവം; ഹൈദരാബാദ് സ്വദേശി പിടിയില്‍
അജ്ഞാത വാഹനം ഇടിച്ച് വയോധിക മരിച്ച സംഭവം; ഹൈദരാബാദ് സ്വദേശി പിടിയില്‍

കോട്ടയം: അജ്ഞാത വാഹനം ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍. സംഭവം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് പ്രതി പിടിയിലാകുന്നത്. കോരുത്തോട് സ്വദേശി തങ്കമ്മ (88) ആണ് ഡിസംബര്‍ 15ന് മരിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡിയെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തത്.

നടന്നുപോകുമ്പോഴാണ് തങ്കമ്മയെ വാഹനം ഇടിക്കുന്നത്. ഡിസംബര്‍ 15 രാവിലെ എട്ടിന് പനക്കച്ചിറ ആനക്കുളം കവലയുടെ സമീപമായിരുന്നു അപകടം. പനക്കച്ചിറയിലേക്ക് നടന്നു പോകുകയായിരുന്ന തങ്കമ്മയെ തെറ്റായ ദിശയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശബരിമല സീസണ്‍ കച്ചവടത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒട്ടേറെ വാഹനങ്ങള്‍ ഒരേ സമയം പോയതിനാല്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു.

ശബരിമല തീര്‍ഥാടകരെത്തിയ വാഹനം എന്നതു മാത്രമായിരുന്നു പൊലീസിന് ലഭിച്ച വിവരം. അതുവഴി കടന്നുപോയ വാഹനങ്ങളുടെ നമ്പരുകള്‍ ശേഖരിച്ചു. നൂറോളം സിസിടിവികള്‍ പരിശോധിച്ചു. വാഹനം ഇടിച്ച സമയം കണക്കാക്കി ചില വാഹനങ്ങളുടെ നമ്പറുകള്‍വച്ച് പട്ടിക തയാറാക്കി. അതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സങ്കീര്‍ണമായ അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദ് സ്വദേശി പിടിയിലായത്. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായതെന്ന് മുണ്ടക്കയം സിഐ പറഞ്ഞു. വാടകയ്ക്ക് എടുത്ത വാഹനത്തിലാണ് ഹൈദരാബാദ് സ്വദേശികള്‍ ശബരിമലയിലേയ്ക്ക് വന്നത്.

Top