CMDRF

കേരളത്തെ കാത്ത് അസാധാരണ കാലവര്‍ഷം

കേരളത്തെ കാത്ത് അസാധാരണ കാലവര്‍ഷം
കേരളത്തെ കാത്ത് അസാധാരണ കാലവര്‍ഷം

ത്തവണ അസാധാരണ കാലവര്‍ഷമാണ് കേരളത്തെ കാത്തിരിക്കുന്നത്,106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതായത് ദീര്‍ഘകാല ശരാശരിയുടെ ആറുശതമാനത്തില്‍ അധികം മഴ ലഭിക്കും. അസാധാരണ കാലവര്‍ഷത്തിലേക്ക് കേരളത്തെ നയിക്കുന്നതിനു പിന്നില്‍, ആറു ശതമാനത്തില്‍ അധികം മഴ ലഭിക്കുന്നതിനൊപ്പം മറ്റു ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴ കുറയാന്‍ ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമായിട്ടുണ്ട്. വൈകാതെ ഇത് സാധാരണ സ്ഥിതിയിലേക്കെത്തും. മഴയ്ക്ക് അനുകൂലമായ ലാ നിന സാഹചര്യം ഓഗസ്റ്റോടെ ഉടലെടുക്കും. എന്നാല്‍ ജൂണ്‍ മാസത്തില്‍ മധ്യമ സാഹചര്യമാണ് ഉണ്ടാവുക. അത് കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന സാഹചര്യവും മഴയ്ക്ക് അനുകൂലമാണ്. അറബിക്കടലിലെ സമുദ്ര താപനില ശരാശരിയില്‍നിന്ന് രണ്ടു ഡിഗ്രി കൂടുതലാണ്. ഇതും കനത്ത മഴയ്ക്കു കാരണമാകുന്നുണ്ട്.

ഈ വര്‍ഷത്തെ അസാധാരണമായ ചൂടും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. താപനില വര്‍ധിക്കുമ്പോള്‍ മഴ കൂടും എന്നതൊരു സാധാരണ തത്വമാണ്. അതിന്റെ ഫലമായി അന്തരീക്ഷത്തിലേക്ക് കൂടുതല്‍ വായു ഉയരുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ശൂന്യസ്ഥലത്തേക്ക് ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള തണുത്ത മേഘങ്ങളുടെ പ്രവാഹം ഉണ്ടാകുകയും ചെയ്യും. പര്‍വതങ്ങള്‍ ഏറെയുള്ള കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇത് മഴയുടെ തോത് വര്‍ധിപ്പിക്കും. അതുപോലെതന്നെ കേരള തീരത്ത് സാധാരണയായിക്കഴിഞ്ഞ കൂമ്പാരമേഘങ്ങളുടെ രൂപീകരണമാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പുള്ള പ്രീ മണ്‍സൂണ്‍ കാലത്താണ് വേനല്‍ മഴയോടൊപ്പം കൂമ്പാര മേഘങ്ങള്‍ ഉണ്ടാകുന്നത്. മഴമേഘങ്ങള്‍ 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ‘ക്ലൗഡ് ഡെപ്ത്’ ഉള്ളവയാണ്. ഇവ ഉയര്‍ന്ന സ്ഥലങ്ങളില്‍ വന്ന് തങ്ങിനില്‍ക്കുകയും തണുത്ത് അതിതീവ്രമഴയായി പെയ്യുകയും ചെയ്യാനുള്ള സാഹചര്യവും കേരളത്തില്‍ കൂടുതലാണ്.

Top