CMDRF

നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

കല്‍പറ്റ: കാറും കെഎസ്ആര്‍ടിസി ബസും വൈത്തിരിയില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭര്‍ത്താവ് ഉമ്മറാണ് കാര്‍ ഓടിച്ചിരുന്നത്.

രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേര്‍ മരണത്തിനു കീഴടങ്ങി.

കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍, തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സൂചന. രണ്ടു പേരുടെ മൃതദേഹം കൈനാട്ടി ജനറല്‍ ആശുപത്രിയിലും ഒരാളുടെ മൃതദേഹം വൈത്തിരി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

Top