ത്യശ്ശൂര്‍: ത്യശ്ശൂര്‍ സ്വദേശി അനഘ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ആനന്ദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് അനഘ ജീവനൊടുക്കിയതെന്നാണ് പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാര്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയാവുകയായിരുന്നു. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തിയെന്നും അനഘയുടെ വീട്ടുകാര്‍ റജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ ശക്തമായ നടപടിവേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. കുടുംബത്തിന്റെ പരാതിയില്‍ നേരത്തെ തന്നെ ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.