താനെയിൽ ത്രികോണ മത്സരം; ദിഘെയും ഷിന്ദേയും നേർക്കുനേർ

ഗണേഷ് നായിക്കിന്റെ കോട്ടയായി കരുതപ്പെടുന്ന ഇവിടെ ബി.ജെ.പി. വീണ്ടും നായിക്കിനെ തന്നെ സ്ഥാനാർഥിയാക്കി

താനെയിൽ ത്രികോണ മത്സരം; ദിഘെയും ഷിന്ദേയും നേർക്കുനേർ
താനെയിൽ ത്രികോണ മത്സരം; ദിഘെയും ഷിന്ദേയും നേർക്കുനേർ

താനെ: മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ കോട്ടയായ കോപ്രി പാച്ച്പഖാഡി മണ്ഡലത്തിലടക്കം താനെയിൽ നാലിടങ്ങളിൽ നടക്കുന്നത് ത്രികോണ മത്സരമാണ്. ശിവസേന, കോൺഗ്രസ്, എം.എൻ.എസ്. എന്നിവർ തമ്മിൽ ഇതിനു മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ ഏകനാഥ് ഷിന്ദേക്ക് വിജയം നേടാനായിരുന്നു. ഇവിടെ കോൺഗ്രസിന്റെ മജോജ് ഷിന്ദേ വിമതനായി പത്രിക സമർപ്പിച്ചു.

അതിനാൽ മജോജ് ഷിന്ദേയും ശിവസേന(ഉദ്ധവ്)യുടെ കേദാർ ദിഘെയും ഏക്‌നാഥ് ഷിന്ദേയും തമ്മിലായിരിക്കും മത്സരം. കേദാർ ദിഘെ ഒരു കാലത്ത് താനെ ശിവസേനയുടെ ബാൽ താക്കറെ എന്നറിയപ്പെടുകയും ഏക്‌നാഥ് ഷിന്ദേയുടെ രാഷ്ട്രീയ ഗുരുവുമായിരുന്ന ആനന്ദ് ദിഘെയുടെ സഹോദര പുത്രനുമാണ്. അതിനാൽ ഷിന്ദേക്കെതിരേയുള്ള ഉദ്ധവിന്റെ ‘ദിഘെ കാർഡ്’ മത്സരത്തിന്റെ കൗതുകവും ഈ മണ്ഡലത്തിലുണ്ട്.

Also Read: ‘ദിവ്യക്ക് തെറ്റ് പറ്റി, തെറ്റ് തിരുത്തി മുന്നോട്ട് പോകും’: എം.വി ഗോവിന്ദൻ

അതേസമയം ഈ മണ്ഡലം 2009 മുതൽ ഏക്‌നാഥ് ഷിന്ദേയുടെ അധീനത്തിലാണെന്ന യാഥാർഥ്യവും നിലവിലുണ്ട്. താനെയിലെ ഓവള മജീവാഡ മണ്ഡലത്തിൽ ശിവസേന(ഷിന്ദേ)യുടെ പ്രതാപ് സർനായിക്കും ഉദ്ധവ് വിഭാഗത്തിന്റെ നരേഷ് മാനേരയും എം.എൻ.എസിന്റെ സന്ദീപ് പാഞ്ച്ഗേയും തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. ഐരോളി മണ്ഡലത്തിലും ത്രികോണ മത്സരമാണ്.

ഗണേഷ് നായിക്കിന്റെ കോട്ടയായി കരുതപ്പെടുന്ന ഇവിടെ ബി.ജെ.പി. വീണ്ടും നായിക്കിനെ തന്നെ സ്ഥാനാർഥിയാക്കി. ശിവസേന (ഷിന്ദേ) യുടെ വിജയ് ചൗഗുലെ വിമതനായി മത്സരിക്കുമ്പോൾ യു.ബി.ടി.യുടെ എം.കെ. മട്വിയും രംഗത്തുണ്ട്. താനെ സിറ്റി മണ്ഡലത്തിൽ ബി.ജെ.പി. യുടെ സഞ്ജയ് കേൾകർ മൂന്നാം തവണയും എം.എൻ.എസിന്റെ അവിനാശ് ജാധവ് രണ്ടാം തവണയും മത്സരിക്കുന്നു. യു.ബി.ടി.യുടെ രാജൻ വിചാരെയും രംഗത്തുണ്ട്.

Top