നല്ലത് കണ്ടാല്‍ അതിനെ പ്രശംസിക്കാന്‍ തെല്ലും മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഏത് വിഷയത്തെ കുറിച്ചും ആധികാരികമായി സാമൂഹിക മാധ്യമങ്ങളില്‍ സംസാരിക്കുന്ന അദ്ദേഹം പുതുതായി പണിതീര്‍ത്ത തലശ്ശേരി-മാഹി ബൈപ്പാസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. പൂര്‍ണമായും ആക്സസ് കണ്‍ട്രോളായ റോഡാണ് ദേശീയപാത 66. സര്‍വീസ് റോഡുകളില്‍ നിന്ന് മെര്‍ജിങ് പോയിന്റുകള്‍ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍മാണം പൂര്‍ത്തിയാക്കി 21-ല്‍ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാന്‍ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിര്‍മാണത്തിനിടെ തകര്‍ന്ന് ബീമുകള്‍ പുഴയില്‍ വീണതും നിര്‍മാണം വൈകാനിടയാക്കി. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.തലശ്ശേരി-മാഹി ബൈപ്പാസിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചാണ് അദ്ദേഹം ഈ പാതയെ പ്രശംസിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, അംബരചുംബിയായ ഒരു കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ തോന്നും. ആദ്യകാഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ലാന്‍ഡ്സ്‌കേപ്പിനോട് ഉപമിക്കാനാകുമെങ്കിലും അതിനും ഒരു സൗന്ദര്യാത്മകതയുണ്ട്. ഇതിനെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
The Thalassery-Mahe bypass.
— anand mahindra (@anandmahindra) April 11, 2024
Like a skyscraper lying down flat on its side…
At first it looked like a concrete imposition on the natural landscape.
But it has its own aesthetic.
And I can’t deny the temptation to cruise down it and appreciate the beauty on either side.… pic.twitter.com/8u63JPQIG2