CMDRF

പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആനന്ദ് പട്‍വർധൻ

പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആനന്ദ് പട്‍വർധൻ
പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ആനന്ദ് പട്‍വർധൻ

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്ത് പ്രശസ്ത സംവിധായകൻ ആനന്ദ് പട്‍വർധൻ. പതിനാറാമത് രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വചിത്ര മേളയിലെ മികച്ച ഡോക്യുമെൻററിയായി ആനന്ദിൻറെ ‘വസുധൈവ കുടുംബകം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുരസ്കാര തുകയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

രാജ്യത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന വസുധൈവ കുടുംബകം മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞ ദിവസം നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകിയിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിനിടെ അറിയിച്ചത്. 2018ലെ പ്രളയകാലത്തും വിക്രം കേരളത്തിനു കൈത്താങ്ങായിരുന്നു.

അതേസമയം വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവനകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ ബാങ്ക് 50 ലക്ഷം രൂപ നൽകിയിട്ടുണ്ട്.

സിയാൽ രണ്ട് കോടി രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഞ്ച് കോടി രൂപ സഹായമായി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദുരിത ബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top