മാസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന്‍ അനന്ദ് അംബാനിയുടേയും, രാധിക മെര്‍ച്ചന്റിന്റെയു വിവാഹം ഇന്ന്. സംഗീത്, ഹല്‍ദി തുടങ്ങി ആര്‍ഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. നാലായിരം മുതല്‍ അയ്യായിരം കോടിയാണ് അനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂ. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹിതരാകുന്ന അനന്ദിനേയും രാധികയേയും ആശീര്‍വദിക്കാന്‍ താരലോകത്തെ നിരവധിപേരാണെത്തുന്നത്. കിം കര്‍ദാഷിയാന്‍, ക്ലോയി കര്‍ദാഷിയാന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരണ്‍, മുന്‍ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്തു നിന്നുള്ള നിരവധിപേര്‍ ഇതിനകം മുംബൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹചടങ്ങുകള്‍ക്കാണ് ഒരുക്കമായിരിക്കുന്നത്. കിം കര്‍ദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ വന്നയുടന്‍ ഇരുവരെയും പരമ്പരാഗത രീതിയില്‍ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാരൂഖ് ഖാന്‍ മകള്‍ സുഹാന ഖാനൊപ്പമാണ് വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത്. മൈക് ടൈസണ്‍, യു.എസ്. ഗുസ്തി താരം ജോണ്‍ സീന തുടങ്ങിയവര്‍ വരുമെന്നാണ് അഭ്യൂഹങ്ങള്‍. ഗായകരായ അഡെയ്‌ലിന്റെയും ഡ്രേക്കിന്റെയും സംഗീതപരിപാടിയും വിവാഹത്തോട് അനുബന്ധിച്ച് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാര്‍ച്ചില്‍ ജാംനഗറില്‍ വച്ചാണ് ആനന്ദിന്റെയും രാധികയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഗായകരായ റിഹാന, അര്‍ജീത് സിങ്, ദില്‍ജീത് ദോസാന്‍ജ് തുടങ്ങിയവരുടെ സംഗീതനിശയും അരങ്ങേറിയിരുന്നു. ജൂലൈയില്‍ പരമ്പരാഗത വിവാഹ ആഘോഷങ്ങള്‍ക്കായിരുന്നു പ്രാധാന്യം. അംബാനി കള്‍ച്ചറല്‍ സെന്ററില്‍ വച്ചു നടത്തിയ സംഗീത് ചടങ്ങില്‍ ജസ്റ്റിന്‍ ബീബറിന്റെ സംഗിതപരിപാടിയായിരുന്നു പ്രധാന ആകര്‍ഷണം. സല്‍മാന്‍ ഖാന്‍, ജാന്‍വി കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.