ഏഴ് മാസത്തെ ആഘോഷത്തിന് അവസാനം; ഇനി രണ്ട് ദിവസം നീളുന്നു രാധിക-അനന്ത് വിവാഹം

ഏഴ് മാസത്തെ ആഘോഷത്തിന് അവസാനം; ഇനി രണ്ട് ദിവസം നീളുന്നു രാധിക-അനന്ത് വിവാഹം
ഏഴ് മാസത്തെ ആഘോഷത്തിന് അവസാനം; ഇനി രണ്ട് ദിവസം നീളുന്നു രാധിക-അനന്ത് വിവാഹം

മുംബൈ; താര പ്രൗഢിയുടെ നിറവില്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റേയും വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലേക്ക് വിവിഐപികളുടെ ഒഴുക്കാണ്. ക്ഷേത്രനഗരിയായ വാരാണസിയെ ഓര്‍മ്മിപ്പിക്കുകയാണ് കല്യാണവേദി.

വധൂവരന്‍മാര്‍ എത്തി. കല്യാണമേളം മുഴങ്ങി. ആശീര്‍വദിക്കാന്‍ വേദിയില്‍ മിന്നും താരനിര. ലോകോത്തര വിഐപികളുടെ സംഗമവേദി. റസ്‍ലിങ് താരം ജോണ്‍ സീനയും യു.എസ് ടിവി താരം കിം കര്‍ദാഷിയാനും തുടങ്ങി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും ടോണി ബ്ലെയറും വരെ ബോളിവുഡിന്‍റെ സ്വന്തം പ്രിയങ്ക ചോപ്ര മുതല്‍ യാഷും രാം ചരണും അടങ്ങുന്ന താര നിര.

ചടങ്ങുകള്‍ക്ക് പ്രൗഢഗംഭീര തുടക്കം. അനന്ത് അംബാനി രാധിക മെര്‍ച്ചന്‍റിന്‍റെ കൈപിടിക്കുമ്പോള്‍ അത് ദീര്‍ഘനാളത്തെ പ്രണയ സാഫല്യം ക്ഷേത്രനഗരമായ വാരാണാസില്‍ എത്തിയ പ്രതീതി. അതാണ് വിവാഹവേദി. ബനാറസ് എന്ന തീമിലാണ് വേദി അണിയിച്ചൊരുക്കിയത്.

വിഭവങ്ങളിലും ഉണ്ടാകും വരാണസി ടച്ച്. വിവാഹ മുഹൂര്‍ത്തം ഇന്നലെ രാത്രി പത്തുമണിക്കായിരുന്നു. രാത്രി വൈകിയുള്ള ആഘോഷം വിരുന്നിന്‍റെ രൂപത്തില്‍ നാളെയും മറ്റന്നാളും തുടരും. ആറുമാസം നീണ്ട കല്യാണമേളത്തിന് ഇതോടെ സമാപനം കുറിയ്ക്കും. ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്.

ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകൾ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തിൽ ഇരു കുടുംബത്തിലെയും മുതിർന്നവരിൽനിന്നു നവദമ്പതികൾ അനുഗ്രഹം തേടും. ചടങ്ങിനെത്തുന്ന നവദമ്പതികളെ റോസാ പുഷ്പങ്ങൾ, അരി എന്നിവയെറിഞ്ഞ് ബന്ധുക്കൾ ആശിർവദിക്കും.

ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങൾക്ക സമാപനമാകും. മംഗൾ ഉത്സവ് എന്ന ഈ ചടങ്ങിൽ നവദമ്പതികളെ ആഘോഷപൂർവം കുടുംബാംഗങ്ങൾ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികൾ പ്രത്യക തരത്തിലുള്ള പരമ്പരാഗത ഇന്ത്യൻ വസ്ത്രമാണു ധരിക്കേണ്ടത്.

ഡിസംബർ 29ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. വടക്കൻ രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ജനുവരി 18ന് പരമ്പരാഗത മെഹന്ദി ചടങ്ങോടെ വിവാഹനിശ്ചയ പാർട്ടി.

ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുകോൺ, രൺവീർ സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. മാർച്ച് 12ന് ജാംനഗറിലായിരുന്നു വിവാഹപൂർവ ആഘോഷം. ഫെയ്സ്ബുക് സ്ഥാപകൻ‌ മാർക്ക് സക്കർബർഗും മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സും പോപ് ഗായിക റിഹാന തുടങ്ങിയവരും സംബന്ധിച്ചു.

Top