CMDRF

വിജയത്തോടെ ആന്‍ഡേഴ്‌സന് പടിയിറക്കം

വിജയത്തോടെ ആന്‍ഡേഴ്‌സന് പടിയിറക്കം
വിജയത്തോടെ ആന്‍ഡേഴ്‌സന് പടിയിറക്കം

ലണ്ടന്‍: എക്കാലത്തെയും മികച്ച ബോളര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന് തന്റെ അവസാന ടെസ്റ്റില്‍ വിജയത്തോടെ മടക്കം. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റിന്‍ഡീസ് 136 റണ്‍സിന് പുറത്തായി. നാല് വിന്‍ഡീസ് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗുദകേശ് മോട്ടിയാണ് ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റ് പിഴുതു. ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് പിഴുത അറ്റ്കിന്‍സനാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് – 121, 136, ഇംഗ്ലണ്ട് – 371.

6 വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന് ജോഷ്വ ഡ സില്‍വ (9), അല്‍സാരി ജോസഫ് (8), ഷമാര്‍ ജോസഫ് (3), ജേഡന്‍ സീല്‍സ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 31 റണ്‍സ് നേടിയ ഗുദകേശ് മോട്ടിയുടെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 100 കടത്തിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ഒലീ പോപ് (57), ജോ റൂട്ട് (68), ഹാരി ബ്രൂക് (50), ജാമി സ്മിത്ത് (70) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ മികവില്‍ 371 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ഇതിനിടെ 147 വര്‍ഷത്തെ ചരിത്രമുള്ള ടെസ്റ്റില്‍ 40,000 പന്തുകള്‍ എറിയുന്ന ആദ്യ പേസ് ബോളറെന്ന നേട്ടം ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 40,000ത്തില്‍ കൂടുതല്‍ പന്തുകളെറിയുന്ന നാലാമത്തെ മാത്രം ബൗളറാണ് ആന്‍ഡേഴ്‌സണ്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 50,000 പന്തെറിയുന്ന ആദ്യ പേസര്‍ കൂടിയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 188 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലീഷുകാരന്‍ 704 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പേസര്‍മാരില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയതും ആന്‍ഡേഴ്‌സനായാണ്.

Top