അമരാവതി: രാഷ്ട്രീയ പകയിൽ ഉരുകി ആന്ധ്രാ രാഷ്ട്രീയം. അഴിമതികുറ്റം ആരോപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ ജയിലിൽ അടച്ച ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്ര മുഖ്യമന്ത്രി ആയതോടെയാണ് പകവീട്ടാൻ ഒരുങ്ങുന്നത്.
ഇതിൻ്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് കേസ് എടുത്തു കഴിഞ്ഞു. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് ഗുണ്ടൂർ പോലീസ് മുൻ മുഖ്യമന്ത്രിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ജഗന് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് നാലു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെല്ലാവരും ഭരണപക്ഷമായ ടി.ഡി.പി യുടെ കണ്ണിലെ കരടുകളാണ്.
ജഗൻമോഹൻ റെഡ്ഡി ഉൾപ്പെടെയുള്ളവരെ എത് നിമിഷവും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ചന്ദ്രബാബു നായിഡുവിനെ ജയിലിൽ അടച്ചതിന് പ്രതികാരമായി ജഗനെ ജയിലിൽ അടക്കണമെന്ന ആവശ്യമാണ് ടി.ഡി.പി നേതാക്കളും ഉയർത്തുന്നത്. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന വികാരമാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും ഉള്ളത്.
ഇ-മെയിൽ വഴി ഒരു മാസം മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോൾ ജഗൻമോഹൻ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, കസ്റ്റഡി മർദനം തുടങ്ങിയ ആരോപണങ്ങളാണ് എം.എൽ.എ. തന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തനിക്കെതിരേ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
2021 മേയ് 14-നാണ് പരാതിക്ക് ആസ്പദമായ സംഭവം. ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ സി.ബി സി.ഐ.ഡി തനിക്കെതിരേ കള്ളക്കേസെടുത്ത് നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. നിയമവിരുദ്ധമായി പോലീസ് വാഹനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് മർദിച്ചെന്നും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയായിട്ടും മരുന്ന് നൽകിയില്ലെന്നും എം.എൽ.എ ആരോപിച്ചിട്ടുണ്ട്.
അതേസമയം, ജഗൻമോഹൻ റെഡ്ഡിയെ അറസ്റ്റ് ചെയ്താൽ അത് ആന്ധ്രയിൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്. വൈ.എസ്. ആർ കോൺഗ്രസ്സുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതും ആന്ധ്രയെ സംബന്ധിച്ച് നിർണ്ണായകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട വൈ.എസ്.ആർ കോൺഗ്രസ്സിന് പുതു ജീവൻ നൽകുന്ന ഏർപ്പാടായി അറസ്റ്റ് മാറുമെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ജഗൻ മോഹൻ റെഡ്ഡിക്ക് രാഷ്ട്രീയത്തിൽ ചെറിയ പ്രായമാണ് എന്നതിനാൽ, ജയിലിൽ അടക്കപ്പെട്ടാലും പൂർവ്വാധികം ശക്തിയോടെ പിന്നീട് തിരിച്ചു വരാനുള്ള ആരോഗ്യമുണ്ട്. അത്തരമൊരു സാഹചര്യത്തിൻ വികാരപരമായ നിലപാടിന് പകരം വിവേക പൂർണ്ണമായ നിലപാടാണ് ചന്ദ്രബാബു നായിഡു സർക്കാർ സ്വീകരിക്കേണ്ടതെന്ന അഭിപ്രായവും ആന്ധ്രയിൽ ഉയർന്നു വരുന്നുണ്ട്.
എന്നാൽ ഇത്തരം വാദങ്ങൾ ഒന്നും തന്നെ മുഖവിലയ്ക്ക് എടുക്കാതെയാണ് ചന്ദ്രബാബു നായിഡു സർക്കാർ മുന്നോട്ട് പോകുന്നത്. മുറിവേറ്റ ചന്ദ്രബാബു നായിഡുവിൻ്റെ മുറിവുണക്കാൻ ജഗൻമോഹൻ റെഡ്ഡി അകത്ത് പോകണമെന്ന് തന്നെയാണ് ഭരണപക്ഷ നേതാക്കളും അണികളും ഒറ്റക്കെട്ടായി പറയുന്നത്. ജഗൻ അറസ്റ്റിലായാൽ വേറെയും ചില കേസുകൾ അദ്ദേഹത്തിനു നേരെ എടുക്കാനും സാധ്യത ഏറെയാണ്.
നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്ന ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ കേന്ദ്ര ഏജൻസികൾ കടുത്ത നടപടി സ്വീകരിക്കില്ലെന്ന അഭ്യൂഹം ശക്തമായിരിക്കെ തന്നെയാണ് മുൻ മുഖ്യമന്ത്രിയെ കുടുക്കാൻ അസാധാരണ നീക്കവുമായി ചന്ദ്രബാബു നായിഡുവിൻ്റെ പൊലീസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ മുൻപുണ്ടായ കരുണാനിധി – ജയലളിത പകയെയും കടത്തി വെട്ടുന്ന നീക്കങ്ങളാണ് ആന്ധ്രയിൽ ഇപ്പോൾ നടക്കുന്നത്.
POLITICAL REPORTER