ഇനിയിപ്പോൾ ഫോൺ മോഷണം പോയാലും പേടി വേണ്ട. സ്മാർട്ഫോണിലെ വിവര സംരക്ഷണത്തിന് പുതിയ സംവിധാനവുമായി ആൻഡ്രോയ്ഡ് 15 ഓപറേറ്റിങ് സിസ്റ്റം എത്തുന്നു. അതേസമയം സ്വകാര്യതക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വിവരസുരക്ഷയും ഈ ഫീച്ചർ ഉറപ്പുവരുത്തുന്നുണ്ട്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, റിമോട്ട് ലോക്ക് തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. ദൂരെയിരുന്നുതന്നെ ഫോണിലെ വിവരങ്ങൾ നീക്കാവുന്ന സംവിധാനവും ഇതിന്റെ വലിയ പ്രത്യേകതയാണ്. ആൻഡ്രോയ്ഡ് 15 ഓപറേറ്റിങ് സിസ്റ്റമുള്ള ഫോണുകളിൽ ഇവ ലഭ്യമാകും. സെറ്റിങ്സ് ആപ്പിലെ സെക്യൂരിറ്റി ആൻഡ് പ്രൈവസി ടാബ് വഴിയാണ് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യേണ്ടത്. ആരെങ്കിലും ഇനി ഫോൺ തട്ടിയെടുത്താൽ തന്നെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തനസജ്ജമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഇതുവഴി ഫോൺ ഓട്ടോമാറ്റിക് ആയി തന്നെ ലോക്ക് ആവും എന്നത് ഏറെ ശ്രദ്ധേയമാണ്.
Also Read: ലോകത്തിലെ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോ ‘സ്റ്റാർ 1’
റിമോട്ട് ലോക്ക് സംവിധാനത്തിലൂടെ ഉപകരണം മോഷണംപോയാൽ ആൻഡ്രോയ്ഡ്.കോം/ലോക്ക് എന്ന ലിങ്കിൽ കയറി ഫോൺനമ്പർ നൽകിയും സ്ക്രീൻ ലോക്കാക്കാം. ഫോൺ ഓഫ്ലൈനായാൽ അതിൽ സ്ക്രീൻ ലോക്കാകുന്ന ഓഫ്ലൈൻ ഡിവൈസ് ലോക്ക് സംവിധാനവും ഇതിലുണ്ട്. പക്ഷെ ഇന്റർനെറ്റ് കണക്ഷൻ ഇതിന് ആവശ്യമാണ്. ഫോൺ മോഷണംപോയാൽ അതിലെ സുപ്രധാനവിവരങ്ങൾ വിദൂരത്തിരുന്ന് ഒഴിവാക്കാനുള്ള ഫൈൻഡ് ആൻഡ് ഇറേസ് ഡിവൈസ് ഫീച്ചറും നിലവിൽ ഈ വേർഷനിലുണ്ട്.