പേരില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കി ആഞ്ജലീനയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍

പേരില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കി ആഞ്ജലീനയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍
പേരില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കി ആഞ്ജലീനയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍

ഹോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള അഭിനേതാക്കളാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഒരു കാലത്ത് ഹോളിവുഡില്‍ ഏറ്റവും ശ്രദ്ധനേടിയ പ്രണയജോടികളും കൂടിയായിരുന്നു ആഞ്ജലീനയും ബ്രാഡ് പിറ്റും. മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

2016ലാണ് ആഞ്ജലീന ജോളിയില്‍ നിന്നും ബ്രാഡ് പിറ്റ് വിവാഹമോചനം നേടിയത്. വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആഞ്ജലീന ആദ്യമായി ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് കോടതി വിട്ടുനല്‍കുകയുമായിരുന്നു. കുട്ടികളെ കാണാനുള്ള അവകാശം ബ്രാഡ് പിറ്റിന് നല്‍കുകയും ചെയ്തു. തന്റെ പേരില്‍ നിന്ന് പിതാവിന്റെ പേരായ ‘പിറ്റ്’ ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് മകള്‍ ഷിലോ ജോളി-പിറ്റ്. കഴിഞ്ഞ മെയ് 27 ന് തന്റെ 18-ാം ജന്മദിനത്തിലാണ് പേര് മാറ്റാനായി ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഷിലോ ഹര്‍ജി നല്‍കിയത്. തനിക്ക് പ്രായപൂര്‍ത്തിയായെന്നും പേര് മാറ്റാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നുമാണ് ഹര്‍ജിയില്‍ ഷിലോ പറഞ്ഞത്. ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മറ്റൊരു മകളായ സഹാറ ഒരു പരിപാടിക്കിടെ തന്റെ പിതാവിന്റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലാവുകയും അത് വലിയ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു. മറ്റ് മക്കളായ മാഡോക്സ്, പാക്സ്, നോക്സ് എന്നിവരും ബ്രാഡ് പിറ്റിന്റെ പേര് സ്വന്തം പേരില്‍ നിന്നും നീക്കിയിരുന്നു. ഷിലോയാണ് ആദ്യമായി നിയമപരമായി പേര് മാറ്റാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിവാഹമോചിതരായെങ്കിലും ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിലുള്ള നിയമപോരാട്ടം അവസാനിച്ചിട്ടില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലാണ്. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബ്രാഡ് പിറ്റ് കേസ് ഫയല്‍ ചെയ്തത്. ആഞ്ജലീന ജോളിയുടെ നീക്കം കരാറിന് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി വില്‍പ്പന റദ്ദാക്കി. ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകര്‍ ഈ വര്‍ഷം കോടതിയില്‍ സമര്‍പ്പിച്ച പുതിയ രേഖകളില്‍ ആരോപിച്ചിരിക്കുന്നത്. 2016 ല്‍ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരേ കേസ് നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ബ്രാഡ് പിറ്റുമായി വേര്‍പിരിഞ്ഞതെന്നും ആഞ്ജലീന പറഞ്ഞു. എന്നാല്‍ ഈ കേസില്‍ നടന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. ബ്രാഡ് പിറ്റ് തെറ്റുചെയ്‌തെന്ന് തെളിയിക്കാന്‍ ആഞ്ജലീനയുടെ അഭിഭാഷകര്‍ക്കായില്ല. ലോസ് ആഞ്ജലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസിലായിരുന്നു കേസിന്റെ വിചാരണം നടന്നത്. ബ്രാഡ് പിറ്റിനെതിരേ ആഞ്ജലീന നല്‍കുന്ന കേസുകളെല്ലാം വ്യാജമാണെന്നാണ് നടന്റെ അഭിഭാഷക സംഘം പറയുന്നത്. വൈന്‍യാര്‍ഡ് കേസിലടക്കം ബ്രാഡ് പിറ്റിന് അനുകൂലമായ വിധി വന്നതോടെ അതില്‍ നിന്നെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആഞ്ജലീനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചു.

Top