പത്തനംതിട്ട പിടിക്കാനിറക്കിയ അനില്‍ ആന്റണി ബി.ജെ.പിയെയും നാണംകെടുത്തി

പത്തനംതിട്ട പിടിക്കാനിറക്കിയ അനില്‍ ആന്റണി ബി.ജെ.പിയെയും നാണംകെടുത്തി
പത്തനംതിട്ട പിടിക്കാനിറക്കിയ അനില്‍ ആന്റണി ബി.ജെ.പിയെയും നാണംകെടുത്തി

തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കി പത്തനംതിട്ട പിടിക്കാനുള്ള ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തന്ത്രം തിരിച്ചടിയായി. കഴിഞ്ഞ തവണത്തെ വോട്ടുപോലും പിടിക്കാതെ അനില്‍ ആന്റണി ബി.ജെ.പിക്ക് സമ്മാനിച്ചത് നാണം കെട്ട പരാജയം.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ആദ്യമെത്തിയത് അനില്‍ ആന്റണിക്ക് വോട്ട് തേടിയായിരുന്നു. രണ്ട് തവണ പ്രധാനമന്ത്രി എത്തിയിട്ടും ബി.ജെ.പി എ ക്ലാസ് മണ്ഡലമായി പ്രചരണം നടത്തിയിട്ടും പാര്‍ട്ടി വോട്ടും പോലും പിടിക്കാന്‍ അനില്‍ ആന്റണിക്ക് കഴിഞ്ഞില്ല. ബി.ജെ.പി ദേശീയ സെക്രട്ടറി സ്ഥാനവും ദേശീയ വക്താവ് സ്ഥാനവും നല്‍കി സംസ്ഥാന നേതൃത്വത്തിനും മുകളിലാണ് അനിലിനെ പ്രതിഷ്ഠിച്ചത്.

2019ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ 2,97,396 വോട്ട് പിടിച്ച് തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തിയത്. അന്നാല്‍ കൊട്ടിഘോഷിച്ച് രംഗത്തിറക്കിയ അനില്‍ ആന്റണിക്ക് 2,34,406 വോട്ടുമാത്രമാണ് നേടാന്‍ കഴിഞ്ഞത്. 3.48 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് അനില്‍ ആന്റണി സമ്മാനിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സി.പി.എം സ്ഥാനാര്‍ത്ഥിയായ മന്ത്രി വീണ ജോര്‍ജിനേക്കാള്‍ 4 ശതമാനത്തിലധികം വോട്ടുമാത്രമായിരുന്നു സുരേന്ദ്രന് കുറവ്.

എന്നാല്‍ അനില്‍ ആന്റണി ഇത് 7.3 ശതമാനമാക്കി ബി.ജെ.പിയുടെ പ്രതീക്ഷയും തകര്‍ത്തു. തൃശൂരിനേക്കാള്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുള്ള മണ്ഡലമായിരുന്നു പത്തനംതിട്ട. കോണ്‍ഗ്രസ് സിറ്റിങ് എം.പി അന്റോ ആന്റണിക്കെതിരെയുള്ള വികാരവും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയും ഉറപ്പിക്കാന്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് അനില്‍ ആന്റണിയെ നൂലില്‍കെട്ടി ഇറക്കിയത്. പ്രധാനമന്ത്രി കേരളത്തില്‍ ആദ്യം പ്രചരണത്തിനെത്തിയത് പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കു വേണ്ടിയായിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ സുരേന്ദ്രന്‍ ഉഴുതുമറിച്ച പത്തനംതിട്ടയില്‍ അനില്‍ ആന്റണി ക്രിസ്ത്യന്‍വോട്ടുകള്‍ പിടിക്കുന്നതിലൂടെ വിജയം നേടാമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

പക്ഷേ പിതാവ് എ.കെ ആന്റണിക്കെതിരായ കടുത്ത ഭാഷയിലുള്ള പ്രതികരണവും അനില്‍ തോല്‍ക്കണമെന്ന ആന്റണിയുടെ പരാമര്‍ശവുമെല്ലാം നിഷ്ടപക്ഷ വോട്ടുകളും എതിരായി. കഴിഞ്ഞ തവണ ആന്റോ ആന്റണി മൂന്നാം സ്ഥാനത്തെത്തിയ അടൂരില്‍ സുരേന്ദ്രനായിരുന്നു രണ്ടാമത്. എന്നാല്‍ ഇത്തവണ അന്റോ അടൂരില്‍ ഒന്നാമതെത്തിയപ്പോള്‍ അനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. പി.സി ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാറിലും അനില്‍ ആന്റണി മൂന്നാമതായി.

മുസ്ലീം ലീഗിന്റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പോലും ശ്രദ്ധവെക്കാതിരുന്നിട്ടും ബി.ജെ.പിയുടെ നിവേദിത സുബ്രഹ്മണ്യന്‍ 1,24,677 വോട്ടുനേടിയിരുന്നു. ബി.ജെ.പിക്ക് കാര്യമായ സംഘടനാസംവിധാനം പോലുമില്ലാതിരുന്ന ആലത്തിയൂരില്‍ പുതുമുഖമായ ടി.എന്‍ സരസു 1,88,230 വോട്ടുമായി തിളക്കമാര്‍ന്ന പ്രകടനം നടത്തി.

എന്നിട്ടും ബി.ജെ.പി വിജയം പ്രതീക്ഷിച്ച എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയില്‍ പ്രധാനമന്ത്രി മോഡിവരെ നേരിട്ടെത്തി പ്രചരണ നടത്തിയിട്ടും കഴിഞ്ഞ തവണത്തെ വോട്ടുപോലും പിടിക്കാന്‍ കഴിയാത്ത അനില്‍ ആന്റണി വലിയ പരാജയം തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോ ഓര്‍ഡിനേറ്ററായ അനില്‍ ആന്റണി ബി.ജെ.പിയില്‍പോയതില്‍ ഇപ്പോള്‍ ഏറെ ആശ്വസം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കായിരിക്കും.

അല്ലെങ്കില്‍ ആന്റണിയുടെ മകനെന്ന പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനിലിന് കോണ്‍ഗ്രസ് സീറ്റ് നല്‍കേണ്ടി വരുമായിരുന്നു. അനിലിനെ കിട്ടിയ ബി.ജെ.പിയാവട്ടെ വേണ്ടാത്ത വയ്യാവേലി പിടിച്ച സങ്കടത്തിലുമാണ്. അനിലിനു പകരം പി.സി ജോര്‍ജ് മത്സരിച്ചിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ താമരവിരിയുമായിരുന്നെന്ന് കരുതുന്നവരാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേറെയും.

Top