തിരുവനന്തപുരം: വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷണം നടത്തുന്നതിലെ ഗൂഡാലോചനയാണെന്ന് ഡിവൈഎസ്‍പി വിവി ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാൻ പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കും. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു.
ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. തിരൂര്‍ ഡിവൈഎസ്‍പിയായിരുന്നപ്പോള്‍ പൊന്നാനി എസ്‍എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്‍പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിക്കാൻ ചെന്നപ്പോള്‍ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്‍പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ സംഭവത്തില്‍ സ്പൈഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് എസ്‍പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയത്. പൊന്നാനി എസ്‍എച്ച്ഒ വിനോദിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്നത്തെ തിരൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കണ്ടിരുന്നുവെന്ന് സ്ത്രീ ആരോപിച്ചിരുന്നു. വിനോദും സുജിത് ദാസും ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബെന്നിക്കെതിരെയും സ്ത്രീ വെളിപ്പെടുത്തൽ നടത്തിയത്. ഇത് നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ബെന്നി രംഗത്തെത്തിയത്.
Also Read:പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി; പ്രതികരിക്കാതെ എം ബി രാജേഷ്
2021ൽ സുല്‍ത്താൻ ബത്തേരി ഡിവൈഎസ്‍പിയായിരുന്നപ്പോഴാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിൽ. 100 ശതമാനവും താൻ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോപണം ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വിവി ബെന്നി വ്യക്തമാക്കി.