അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.
അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുംവിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. മോശം കാലാവസ്ഥ അല്ലെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.