തൃശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന്; പൂരം നാളെ

തൃശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന്; പൂരം നാളെ
തൃശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന്; പൂരം നാളെ

തൃശൂര്‍ പൂരത്തിന്റെ വിളംബരം ഇന്ന് രാവിലെ നടക്കും. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച് പൂരം നാളെ നടക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തും.നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യമെത്തുക.

പിന്നാലെ ഘടക പൂരങ്ങളുടെ വരവായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും. കോങ്ങാട് മധു പഞ്ചവാദ്യം നയിക്കും. ഉച്ചയ്ക്ക് 12നാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്.ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണിയാകും. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ തിരുവമ്പാടിയുടെ മേള പ്രമാണത്തിന് നെടുനായകത്വം വഹിക്കും.

ചരിത്രപ്രസിദ്ധമായ കുടമാറ്റം വൈകിട്ട് അഞ്ചിന് നടക്കും. രാത്രി പൂരങ്ങള്‍ ആവര്‍ത്തിക്കും .ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. തുടര്‍ന്ന് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും പകല്‍പ്പൂരം. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വടക്കുന്നാഥന് മുന്നില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. മുപ്പതു മണിക്കൂറിലേറെ നീളുന്ന പൂരം ഇതോടെ സമാപിക്കും.

Top