തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് മറിഞ്ഞത്.
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ ഒഴിവാക്കണമെന്നും സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. സംസ്ഥാനത്തെ ബീച്ചുകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 53 പേരെ മാറ്റി പാര്‍പ്പിച്ചു.
ഇന്നലെ രണ്ട് തവണ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. പുലര്‍ച്ചെ വള്ളം മറിഞ്ഞ് അഞ്ച് മത്സത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിന്നീടുണ്ടായ അപകടത്തില്‍ രണ്ട് പേരും കടലില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.