സൂരജ് രേവണ്ണക്കെതിരെ വീണ്ടും പരാതി; പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപണം

സൂരജ് രേവണ്ണക്കെതിരെ വീണ്ടും പരാതി; പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപണം
സൂരജ് രേവണ്ണക്കെതിരെ വീണ്ടും പരാതി; പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപണം

ബെംഗളൂരു: ദേവഗൗഡയുടെ കൊച്ചുമകനും രേവണ്ണയുടെ മകനുമായ സൂരജ് രേവണ്ണക്കെതിരേ വീണ്ടും പീഡന പരാതി. പാർട്ടി പ്രവർത്തകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സൂരജിന്റെ അടുത്ത സഹായിയും ജെ.ഡി.എസ്. പ്രവർത്തകനുമായ 30-കാരനാണ് ഹൊളെനരസിപുര പോലീസിൽ പരാതി നൽകിയത്. കോവിഡ് ലോക്ഡൗൺ കാലത്ത് ഫാംഹൗസിൽവെച്ച് സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ ആരോപണം.

സൂരജ് എം.എൽ.സി.യായതിനാലും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബാംഗമായാലും ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. മാത്രമല്ല, സംഭവം പുറത്ത് പറഞ്ഞാൽ താൻ കൊല്ലപ്പെട്ടേക്കുമെന്ന ഭയമുണ്ടായിരുന്നതായും 30-കാരന്റെ പരാതിയിൽ പറയുന്നു.

പരാതിക്കാരൻ ആറുവർഷമായി ജെ.ഡി.എസ്. പ്രവർത്തകനാണ്. സൂരജിന്റെ അടുത്ത സഹായിയായും പ്രവർത്തിച്ചിരുന്നു. നേരത്തെ സൂരജിനെതിരേ ആദ്യത്തെ പീഡനപരാതി ഉയർന്നപ്പോൾ സൂരജിനെ സംരക്ഷിക്കാനായി രംഗത്തെത്തിയതും ഇയാളായിരുന്നു.

സൂരജിനെതിരേ ആദ്യം പീഡനപരാതി നൽകിയ 27-കാരൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സൂരജിനെതിരായത് വ്യാജപരാതിയാണെന്നും ആരോപിച്ചാണ് ഇയാൾ പോലീസിനെ സമീപിച്ചത്. 27-കാരൻ നൽകിയ പീഡനപരാതിയിൽ സൂരജിനൊപ്പം ഇയാളും പ്രതിയായിരുന്നു. ഇതിനിടെയാണ് ഇയാൾ തന്നെ സൂരജിനെതിരേ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയത്.

ജെ.ഡി.എസ്. പ്രവർത്തകനായ 27-കാരനാണ് സൂരജ് രേവണ്ണക്കെതിരേ ആദ്യം പോലീസിൽ പരാതി നൽകിയത്. ജോലി ലഭിക്കാൻ സഹായം തേടിയെത്തിയ തന്നെ സൂരജ് രേവണ്ണ ഫാംഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. ഈ കേസിൽ സൂരജ് രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് സമാന ആരോപണങ്ങളുമായി മറ്റൊരു പാർട്ടി പ്രവർത്തകനും പരാതി നൽകിയത്.

അതേസമയം, പീഡനക്കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണയ്ക്ക് ലൈംഗികശേഷി പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. രണ്ടുദിവസത്തിനകം അന്വേഷണസംഘം സൂരജിനെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Top