ഇസ്രയേലിനോട് പ്രതികാരത്തിന് തയ്യാറെടുത്ത് ‘ദി ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സും’ രംഗത്തെന്ന് റിപ്പോര്‍ട്ട്. റഷ്യ ടുഡേയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും സിറിയയിലെയും ഇറാഖിലെയും അതിശക്തരായ പോരാളി ഗ്രൂപ്പുകളാണ്. ഇറാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം എന്താണെങ്കിലും ജീവന്‍ നല്‍കിയും നടപ്പാക്കുന്ന ഗ്രൂപ്പുകളാണിത്.
ഇവര്‍ക്ക് പുറമെ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ റോമനൈസ്ഡ് എന്ന ഗ്രൂപ്പ് ഫ്രാന്‍സിലും അല്‍ബേനിയയിലും പ്രവര്‍ത്തിക്കുന്ന ഒരു ഇറാനിയന്‍ അനുകൂല ഗ്രൂപ്പാണ്. വിവിധ ഇറാനിയന്‍ വിമത ഗ്രൂപ്പുകള്‍ ചേര്‍ന്ന ഈ സഖ്യത്തിന് ഇറാന്‍ ഭരണകൂടത്തോട് എതിര്‍പ്പുണ്ടെങ്കിലും ഇസ്രയേല്‍ വിരുദ്ധ നിലപാടില്‍ ഇറാന് സമാനമായ നിലപാടാണുള്ളത്.
ഇസ്രയേലിനെതിരെ ഇറാന്‍ പ്രതികാരം തുടങ്ങിയാല്‍ ആ സന്ദര്‍ഭം ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കാനാണ് ഈ ഗ്രൂപ്പുകള്‍ എല്ലാം തന്നെ കാത്തിരിക്കുന്നത്. ഇസ്രയേലുമായി ഏറ്റുമുട്ടാന്‍ ചങ്കൂറ്റമുള്ള അറബ് രാഷ്ട്രങ്ങള്‍ പൊതുവെ കുറവാണ്. അതിന് അന്നും ഇന്നും ധൈര്യംകാട്ടുന്നത് ഇറാനും അവരെ പിന്തുണയ്ക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ്.
ഇറാന്‍ അനുകൂല യെമനിലെ ഹൂതികളെപ്പോലെ തന്നെയാണ് പോരാളികളായ ഇറാഖികളും മുന്നോട്ടുപോകുന്നത്. ഇവര്‍ എപ്പോഴും അമേരിക്കയോടും ഇസ്രയേലിനോടുമുള്ള തങ്ങളുടെ പക പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇറാഖിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക അയവ് വരുത്തിയെങ്കിലും ലെബനനിലും ഇറാനിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രകോപിതരായ ഇറാഖിലെ പ്രതിരോധസേന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ അടക്കം ആക്രമിച്ചിട്ടുണ്ട്.
Also Read: വരാന്‍ പോകുന്നത് യുദ്ധത്തേക്കാള്‍ ഭീകരം; ഗാസ മുനമ്പിലെ ആധിയും വ്യാധിയും
പശ്ചിമേഷ്യയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള ഇസ്രായേലിനെതിരെ നടത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ ഭാഗമായി വടക്കന്‍ ഇസ്രയേലിലേക്ക് 230 മിസൈലുകളാണ് ഹിസ്ബുള്ള അയച്ചത്. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചും ഡസന്‍ കണക്കിന് ഡ്രോണുകള്‍ വിക്ഷേപിച്ചും ഹിസ്ബുള്ള ലക്ഷ്യംവച്ചത് ഇസ്രയേലിന്റെ മിറോണ്‍, സാതുന്‍, സഹേല്‍ സൈനിക താവളങ്ങളാണ്. ഗോലാന്‍ കുന്നുകളിലെയും നിരവധി ബാരക്കുകളിലെയും താവളങ്ങളിലും ഹിസ്ബുള്ള ആക്രമണം നടത്തിയിട്ടുണ്ട്.
ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ പ്രതികാരത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും ഇസ്രയേല്‍ ഇനിയാണ് ഭയക്കേണ്ടതെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ പറ്റിയ നാശനഷ്ടം എത്രയാണ് എന്നത് ഇതുവരെ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല. ഹിസ്ബുള്ളയുടെ ആക്രമണം വരാന്‍പോകുന്ന വലിയ ആക്രമണത്തിന് മുന്‍പ് ഇറാന്‍ നടത്തിയ ഒരു പരീക്ഷണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനുള്ള സാധ്യത തന്നെയാണ് ഇസ്രയേല്‍ വിരുദ്ധരുടെ നിലവിലെ തയ്യാറെടുപ്പുകളും സൂചിപ്പിക്കുന്നത്. യുക്രെയിന്‍ – റഷ്യ യുദ്ധം അവസാന ലാപ്പിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഇസ്രയേലിന് നേരെ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം
ഇറാനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്ക് നേരെ നിലവില്‍ 50 രാജ്യങ്ങളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ അണിനിരന്നിരിക്കുന്നത്. യുക്രെയിന്‍ യുദ്ധത്തില്‍ ഇത് പ്രകടവുമാണ്. ഈ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളോടാണ് റഷ്യന്‍ സൈന്യം ഏറ്റുമുട്ടുന്നത്. റഷ്യയെ ശിഥിലമാക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി യുക്രെയിനിലെ നാസി സേനകള്‍ക്കൊപ്പം ചേരുന്നതുവരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുന്നതിപ്പോള്‍ മോസ്‌കോയിലെ ഉന്നത നയതന്ത്രജ്ഞനും വിദേശകാര്യ മന്ത്രിയുമായ സെര്‍ജി ലാവ്റോവാണ്. റഷ്യയിലെ പുതിയ അധ്യയന വര്‍ഷത്തില്‍ മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യന്‍ ഭരണകൂടം വളരെ ശക്തവും സ്വതന്ത്രവുമായ രാജ്യമാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യരാജ്യങ്ങള്‍ എപ്പോഴും റഷ്യയെ ഭയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും സഖ്യകക്ഷികളും യുക്രെയിന് നല്‍കിയ സൈനിക സഹായത്തെ കുറിച്ച് പരാമര്‍ശിച്ച മന്ത്രി 50 രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ നാസി ബാനറുകളില്‍ ഒത്തുകൂടിയത് ഇതിന്റെ ഒരു സൂചനയാണെന്നും എടുത്ത് പറഞ്ഞിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്ത് അഡോള്‍ഫ് ഹിറ്റ്ലറുടെ സൈന്യം സ്വീകരിച്ച അതേ രീതിയിലാണ് റഷ്യയ്ക്ക് എതിരായ ആക്രമണത്തിന് യുക്രേനിയന്‍ സൈനികര്‍ നാസി പാച്ചുകള്‍ ധരിക്കുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Also Read: അമേരിക്കൻ യുദ്ധവിമാനം വീണതിലും പോര്, വ്യോമസേന തലവൻ തെറിച്ചു, യുക്രെയ്ൻ വീഴുന്നു
2022 ഫെബ്രുവരി അവസാനം യുക്രെയിനിലുണ്ടായ റഷ്യന്‍ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം യുക്രെയിന്റെ ‘ഡീനാസിഫിക്കേഷന്‍’ ആണ്. പാശ്ചാത്യ നിയമങ്ങള്‍ക്കനുസൃതമായി റഷ്യ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കാത്ത ഒരു പാശ്ചാത്യ പദ്ധതികളിലേക്കും കടക്കില്ലെന്നതാണ് റഷ്യന്‍ നയം. അമേരിക്കയും സഖ്യകക്ഷികളും ഇനിയും നിലപാട് മാറ്റിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ലാവ്റോവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിമിതമായ രൂപത്തില്‍ ആണെങ്കില്‍ പോലും ആണവായുധം പ്രയോഗിക്കേണ്ടി വന്നാല്‍ അത് പ്രയോഗിക്കാന്‍ തന്നെയാണ് റഷ്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റഷ്യയുടെ ഈ മുന്നറിയിപ്പ് അമേരിക്കന്‍ ചേരിയേയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
STAFF REPORTER