താനൂർ: രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത. കേരള സർക്കാർ നിർമൽ ലോട്ടറി ടിക്കറ്റിൻ്റെ തീയതി തിരുത്തി 5000 രൂപ തട്ടിയെടുക്കുകയായിരുന്നു. താനൂർ മൂലക്കൽ സ്വദേശി വടക്കുമ്പാട്ട് ദാസനെയാണ് ബൈക്കിലെത്തിയ ആൾ കബളിപ്പിച്ചത്.
താനൂർ ക്ഷേത്രത്തിനു മുൻപിലാണു സംഭവം. ബൈക്കിലെത്തിയ ആൾ ഒരു ടിക്കറ്റ് കാണിച്ച് ദാസനോട് ഫലം പരിശോധിക്കാൻ പറഞ്ഞു. പരിശോധിച്ചപ്പോൾ 5000 രൂപ സമ്മാനമുള്ളതായി കണ്ടു. കൈയിൽ അത്രയും തുക തരാനില്ലെന്നു ദാസൻ പറഞ്ഞു.
അപ്പോൾ 40 രൂപയുടെ 41 ടിക്കറ്റ് ഇയാൾ വാങ്ങി. ബാക്കി തുക തന്നാൽമതി എന്നു പറഞ്ഞു. ടിക്കറ്റിൻ്റെ 1640 രൂപ കഴിച്ച് 3300 രൂപ ദാസൻ നൽകി. 2000 രൂപ സമീപത്തെ കടയിൽനിന്ന് കടമായി വാങ്ങിയാണു നൽകിയത്. ബാക്കി 60 രൂപ വേണ്ടെന്നും പറഞ്ഞു. പിന്നീട് ദാസൻ ടിക്കറ്റ് താനൂരിലെ ഏജൻസിയിൽ എത്തിച്ചപ്പോഴാണ് ടിക്കറ്റിൽ തീയതി തിരുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്. ദാസൻ താനൂർ പോലീസിൽ പരാതി നൽകി
2018-ൽ പക്ഷാഘാതത്താൽ ശരീരം തളർന്ന് ഏറെക്കാലം കിടപ്പിലായിരുന്നു ദാസൻ. കൈകാലുകൾക്ക് ബലക്കുറവും കണ്ണിന് കാഴ്‌ചക്കുറവും ഉള്ളതിനാൽ വർഷങ്ങളായി ശോഭാ ക്ഷേത്രത്തിനു മുൻപിൽ ഇരുന്നാണ് ലോട്ടറി കച്ചവടം നടത്തുന്നത്.