നെയ്റോബി: കെനിയ സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ ഡോർമെറ്ററിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ തീപിടുത്തം. ആളപായമില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ തീപിടുത്തം ഉണ്ടായത്.
മധ്യ കെനിയയിലെ ബോർഡിങ് സ്‌കൂളിന്റെ ഡോർമിറ്ററിയിലുണ്ടായ തീപിടുത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. 150 വിദ്യാർഥികളാണ് ഡോർമിറ്ററിയിൽ താമസിക്കുന്നത്. മരം കൊണ്ട് നിർമിച്ച കെട്ടിടമായതിനാൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു.
Also Read: ചൈനയിലും വിയറ്റ്നാമിലും നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് വില്യം റൂതോ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ‘എക്സി’ൽ അറിയിച്ചു.
കെനിയന്‍ ബോർഡിങ് സ്‌കൂളുകളില്‍ നേരത്തേയും തീപിടുത്തമുണ്ടായിട്ടുണ്ട്. 2017ല്‍ തലസ്ഥാനമായ നെയ്റോബിയിലെ മോയി ഗേള്‍സ് ഹൈസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 10 വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. 2001ൽ മച്ചാക്കോസ് കൗണ്ടിയിലെ ഡോർമിറ്ററിയിൽ 67 വിദ്യാർഥികൾ മരിച്ചതാണ് ഏറ്റവും വലിയ തീപിടുത്തം.