CMDRF

തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ലഭിച്ചത് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടി

തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ലഭിച്ചത് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടി
തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ലഭിച്ചത് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടി

തൃശ്ശൂർ: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായി സംസ്ഥാനത്ത് പലയിടങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇത് തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയാണെന്നും സ്ഥിരീകരിച്ചത്. ഈ കുട്ടിയ്ക്ക് തിരുവനന്തപുരത്ത് ബന്ധുക്കളുണ്ടെന്നും മനസിലായി.

നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തി. വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിൽ എത്തിയത്. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ചിത്രം കന്യാകുമാരിയിലെ ചില ഓട്ടോ ഡ്രൈവർമാർ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.

നിലവിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമുകളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾക്കുള്ളിലും പരിശോധന നടത്തിവരികയാണ്. അതിരാവിലെ 5.30-ന് സ്റ്റേഷൻ്റെ പുറത്തുള്ള ഭാഗത്ത് കുട്ടിയെ കണ്ടതായാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ നൽകുന്ന വിവരം. എന്നാൽ കുട്ടിയെ സ്റ്റേഷനുള്ളിൽ കണ്ടതായും ആരും ശ്രദ്ധിച്ചിട്ടില്ല. സ്റ്റേഷന് അകത്തും പുറത്തുമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും കന്യാകുമാരിയിൽ എത്തിയ പൊലീസ് സംഘം വ്യക്തമാക്കുന്നു.

Top