മേപ്പാടിന്മ ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ ചൂരല്‍മല മേഖലയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം ചൂരല്‍മലയിലെ അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്.
അട്ടമല നിവാസികള്‍ക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗം ചൂരല്‍മലയാണ്. ഉരുള്‍പൊട്ടലില്‍ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഒന്നര ദിവസമായി അട്ടമലക്കാര്‍ ഇവിടെ കുടുങ്ങിയത്. നിലവില്‍ അട്ടമലയില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്ക് പറ്റിയവരുണ്ടെങ്കില്‍ ഇവര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ട്.
രക്ഷപ്പെടുത്തി എത്തിക്കുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. അട്ടമലയില്‍ പ്രധാനമായും ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് നിഗമനം. തോട്ടം ജോലികള്‍ക്കായി എത്തിയ ഇവര്‍ പ്രദേശത്തെ പാടികളിലാണ് കഴിഞ്ഞിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ അട്ടമലയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.