തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസന്‍സ് ടെസ്റ്റുകള്‍ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങും. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയര്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.
പരിഷ്‌കാരങ്ങള്‍ക്കെതിരായ കടുത്ത നിലപാടില്‍ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പിന്മാറിയതോടെയായിരുന്നു ഇന്ന് മുതല്‍ ടെസ്റ്റ് പുനരാരംഭിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്‌കാരവുമായി മുന്നോട്ട് തന്നെയെന്ന് സര്‍ക്കാരും പരിഷ്‌കാരം അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളില്‍ പ്രതിഷേധം പുകഞ്ഞത്. എതിര്‍പ്പ് കനത്തതോടെ വിവാദത്തിന്റെ നട്ട് അല്‍പ്പം ലൂസാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. പരിഷ്‌കാരങ്ങളില്‍ ഇളവുകള്‍ തയ്യാറാക്കി. ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാന്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ മറ്റ് പ്രശ്‌നങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഇതിലും വഴങ്ങാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉള്‍പ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം. ഇതിനിടെയാണ് കെഎംഡിഎസിന്റെ പ്രതിഷേധം.
ഭൂരിപക്ഷം ഡ്രൈവിങ് സ്‌കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകള്‍ നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്. സിഐടിയു പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറിയെങ്കിലും പ്രതിഷേധം തുടരാനാണ് കെഎംഡിഎസിന്റെ തീരുമാനം. പരിഷ്‌കാരത്തില്‍ ഇളവ് വരുത്തിയെങ്കിലും ഉത്തരവില്‍ സെക്ഷന്‍ ഓഫീസര്‍ ഒപ്പ് വെക്കാത്തതാതകിനാല്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇളവ് നിര്‍ദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇളവുകള്‍ക്ക് മുമ്പുള്ള നിര്‍ദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനം. ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ തേടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.