ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീണ്ടും ഭീകരാക്രമണമുണ്ടായത്. സൈനിക പോസ്റ്റിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു. നാലു ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. മൂന്നോ നാലോ പേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്ന് ഉന്നത പൊലീസുദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയും ദോഡയില്‍ സൈനിക പോസ്റ്റിനുനേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ 5 സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ക്കും പരുക്കേറ്റു. കത്വയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജൂണ്‍ 9ന് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളിലേക്കു കൂടുതല്‍ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന 4 ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മു പൊലീസ് പുറത്തുവിട്ടു. ഇവരില്‍ ഓരോരുത്തരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്.