റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ പത്ത് വിക്കറ്റും സ്വന്തമാക്കി ഹരിയാനയുടെ മീഡിയം പേസർ അൻഷുൽ കാംബോജ്. കേരളത്തിനെതിരായ ഗ്രൂപ്പ് സിയിലെ മത്സരത്തിന്റെ മൂന്നാം ദിനമായിരുന്നു കാംബോജിന്റെ അപൂർവനേട്ടം. രണ്ടാം ദിനം എട്ട് വിക്കറ്റുകൾ വീഴ്ത്തിയ കാംബോജ് മൂന്നാം ദിനം കാലത്ത് കേരളത്തിന്റെ ബേസിൽ തമ്പിയെയും ഷോൺ റോജറിനെയും പുറത്താക്കിയാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഒരു റണ്ണെടുത്ത എൻ. ബേസിലാണ് കേരളനിരയിൽ പുറത്താകാതെ നിന്നത്.
30.1 ഓവറിൽ ഒൻപത് 49 റൺസ് വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് പിഴുതത്. ഒൻപത് ഓവർ മെയ്ഡനായിരുന്നു. നാല് വിക്കറ്റ് കോട്ട് ബിഹൈൻഡും മൂന്നെണ്ണം ബൗൾഡുമാണ്. കാംബോജിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ വിറച്ച കേരളം ഒന്നാമിന്നിങ്‌സിൽ 291 റൺസിനാണ് ഓൾഔട്ടായത്. എട്ടിന് 285 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം കളിയാരംഭിച്ചത്.
ബംഗാളിന്റെ പ്രേമൻസു ചാറ്റർജിയും രാജസ്ഥാന്റെ പ്രദീപ് സുന്ദരവുമാണ് രഞ്ജിയിൽ ഇതിന് മുൻപ് ഒരിന്നിങ്‌സിലെ എതിരാളികളുടെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത്. ചാറ്റർജി 1956-57 സീസണിൽ അസമിനെതിരെ ഇരുപത് റൺസ് വിട്ടുകൊടുത്തും സുന്ദരം 1985-86 സീസണിൽ വിദർഭയ്‌ക്കെതിരേ 78 റൺസ് വിട്ടുകൊടുത്തുമാണ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.
Also Read: ബോർഡർ-ഗാവസ്‌കർ ട്രോഫി; ഇന്ത്യൻ ടീമിൽ പരിക്കിന്റെ ബഹളം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ബൗളർ കൂടിയാണ് കാംബോജ്. പ്രേമാൻഷു ചാറ്റർജിയും പ്രദീപ് സുന്ദരത്തിനും പുറമെ ദേബാഷിഷ് മൊഹന്തിയും അനിൽ കുംബ്ലെയും സുഭാഷ് ഗുപ്‌തെയുമാണ് ഈ പട്ടികയിലുള്ള മറ്റുള്ളവർ. 1999 ന്യൂഡെൽഹി ടെസ്റ്റിൽ പാകിസ്താനെതിരേ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം.
രഞ്ജിയിൽ ഒരിന്നിങ്‌സിൽ ഒൻപത് വിക്കറ്റ് വീഴ്ത്തിയ കേരളത്തിന്റെ ജലജ് സക്‌സേനയാണ് കാംബോജിന് തൊട്ടു പിറകിൽ. ഇക്കഴിഞ്ഞ ഫെബ്രുവരിൽ ബംഗാളിനെതിരേയായിരുന്നു ജലജിന്റെ പ്രകടനം.പത്ത് വിക്കറ്റുകളും വീഴ്ത്തിയത് മാത്രമല്ല, കാംബോജിന്റെ നേട്ടം. കളിക്കുന്ന പത്തൊൻപതാം മത്സരത്തിൽ തന്നെ 50 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ വീഴ്ത്തുക എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ്.