CMDRF

റിലീസിനൊരുങ്ങി ആന്തോളജി സീരിസായ ‘മനോരഥങ്ങള്‍’

റിലീസിനൊരുങ്ങി ആന്തോളജി സീരിസായ ‘മനോരഥങ്ങള്‍’
റിലീസിനൊരുങ്ങി ആന്തോളജി സീരിസായ ‘മനോരഥങ്ങള്‍’

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസ് ആഗസ്റ്റ് 15 ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ റിലീസിനെത്തും. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ‘ശിലാലിഖിതം’ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആന്തോളജിയിലെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എംടിയുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലയില്‍ എം.ടി എഴുതിയ യാത്രാക്കുറിപ്പാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ‘ഷെര്‍ലക്ക്’ എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ്ഫാ സിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു.

പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എംടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംടിയുടെ ‘വില്‍പ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവര്‍ ചേര്‍ന്നാണ് ഈ വെബ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.

Top