ധാക്ക: ബംഗ്ലാദേശില്‍ കനത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ അവാമി ലീഗ് നേതാവിന്റെ ഹോട്ടല്‍ കത്തിച്ച് ജനക്കൂട്ടം 24 പേരെ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു ഇന്തോനേഷ്യന്‍ പൗരനും ഉള്‍പ്പെടുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിനെ തുടര്‍ന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു. ജോഷോര്‍ ജനറല്‍ ഹോസ്പിറ്റലിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്ന് ഭയക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭരണകക്ഷിയായ അവാമി ലീഗിന്റെ ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമണം നടക്കുന്നതായും വാര്‍ത്തകളുണ്ട്. താഴെ നിലയില്‍ അക്രമികള്‍ തീയിടുകയും ഉടന്‍തന്നെ തീ മുകളിലേക്ക് പടരുകയുമായിരുന്നു. രോക്ഷാകുലരായ ജനക്കൂട്ടം ധാക്കയിലെ ബംഗബന്ധു അവന്യൂവിലുള്ള കേന്ദ്ര ഓഫിസ് ഉള്‍പ്പെടെ നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വസതികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹസീനയുടെ പലായനവാര്‍ത്ത പരന്നതോടെ, ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വീണ്ടും അക്രമങ്ങള്‍ വ്യപകമായിരിക്കുകയാണ്.