ഇന്ത്യയ്ക്ക് ചുറ്റുമുള്ള അഞ്ച് രാജ്യങ്ങളിലും തീ കോരിയിട്ടതില്‍ ഏതെങ്കിലും ബാഹ്യശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ ? ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.
അയല്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബംഗ്ലാദേശിനെ പോലെ ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരിക്കുന്നത്. ഇവരെല്ലാം ചൈനയുമായി വളരെ അടുത്ത് നില്‍ക്കുന്ന രാജ്യങ്ങള്‍ കൂടിയാണ് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളില്‍ ഭരണമാറ്റത്തിന് മുന്‍പ് നടന്ന എല്ലാ സംഭവത്തിലും പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാവിരുദ്ധ നിലപാടുകളും വ്യക്തമാണ്.
സാമ്പത്തിക തകര്‍ച്ചയാണ് ശ്രീലങ്കയെ അരാജകത്വത്തിലേക്ക് എത്തിച്ചത്. നാല് സഹോദരങ്ങളുടെ രാജവാഴ്ച. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കത്തിപ്പടര്‍ന്ന പ്രക്ഷോഭത്തില്‍പ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്ക് രാജി വഴിവച്ച് രാജ്യം വിടേണ്ടതായി വന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കന്‍ ഭരണകൂടത്തിന് എതിരായ ജനരോഷത്തിന് കാരണമായിരുന്നത്. നിത്യോപയോഗ സാധനങ്ങളും വൈദ്യുതിയും ഇന്ധനവും ലഭ്യമല്ലാതെ ശ്രീലങ്കന്‍ ജനത തെരുവിലിറങ്ങിയതോടെ എല്ലാം കൈവിട്ട് പോകുകയായിരുന്നു. അടിയന്തരാവസ്ഥയും 36 മണിക്കൂര്‍ നിശാനിയമവുമെല്ലാം ഏര്‍പ്പെടുത്തിയിട്ട് പോലും പിടിച്ചുനില്‍ക്കാന്‍ ആ രാജ്യത്തെ പ്രസിഡന്റിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ‘ആധുനിക ശ്രീലങ്ക കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായ രാജപക്സെയ്ക്ക് രാജ്യം വിടേണ്ടി വന്നിരുന്നത്. തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെയും കുടുംബത്തെയും ഉള്‍പ്പെടെ സകലരെയും കൊന്നുതള്ളി പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന് വിരാമമിട്ടപ്പോള്‍ സിംഹനാട്ടിലെ സിംഹമായി ആളുകള്‍ വിശേഷിപ്പിച്ച രാജപക്സെയ്ക്കാണ്, ഇത്തരമൊരു ഗതി അന്ന് വന്നിരുന്നത്.
ശ്രീലങ്കയിലെ അവസ്ഥ ഇതായിരുന്നു എങ്കില്‍ നേപ്പാളിലെ അവസ്ഥ മറ്റൊന്നാണ്. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടാണ് നിലവിലെ നേപ്പാള്‍ ഭരണകൂടത്തിന് ഉള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിരുന്ന സര്‍ക്കാറിനെ പുറത്താക്കി ആ സര്‍ക്കാരിനെ മുന്‍പ് പിന്തുണച്ചിരുന്ന സിപിഎന്‍-യുഎംഎല്‍ നേതാവ്, കെപി ശര്‍മ ഒലിയാണ് നേപ്പാളിന്റെ ഭരണം പിടിച്ചിരിക്കുന്നത്. ഇതിന് നേപ്പാളി കോണ്‍ഗ്രസ്സിന്റെ പിന്തുണയുമുണ്ട്.
പരസ്യമായി ചൈന അനുകൂല സമീപനം പുലര്‍ത്തി വരുന്ന ആളാണ് പ്രധാനമന്ത്രി ഒലി. മുന്‍പ് അദ്ദേഹം അധികാരത്തില്‍ വന്നപ്പോഴും പല തവണ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ‘ഉപദ്രവകാരിയായ അയല്‍രാജ്യമായാണ് ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്. നേപ്പാളില്‍ ശക്തമായ ഇന്ത്യാവിരുദ്ധ നീക്കങ്ങളാണ് സമീപകാലത്ത് നടന്നിരിക്കുന്നത്.
അസ്ഥിരതയ്ക്ക് മാത്രമാണ് നേപ്പാള്‍ രാഷ്ട്രീയത്തില്‍ സ്ഥിരതയുള്ളതെന്ന്, അവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ പറയാനാകും. 240 വര്‍ഷത്തെ രാജഭരണത്തിനു ശേഷം 2008 ലാണ് നേപ്പാള്‍ ജനാധിപത്യരാജ്യമായത്. അന്നുമുതല്‍ ഇന്നുവരെ നേപ്പാള്‍ ഭരിച്ചത് സഖ്യ സര്‍ക്കാരുകളാണ്. പ്രചണ്ഡയുടെ സിപിഎന്‍-എംസി, ദുബെയുടെ നേപ്പാളി കോണ്‍ഗ്രസ്, ഒലിയുടെ സിപിഎന്‍-യുഎംഎല്‍ എന്നിവയാണ് പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍. പരസ്പരം മാറിമാറി പിന്തുണ നല്‍കി മൂന്ന് നേതാക്കളും പല തവണ പ്രധാനമന്ത്രിയായി. 2008 മുതല്‍ ഇതുവരെ 13 സര്‍ക്കാരാണ് നേപ്പാളിലുണ്ടായത് എന്നതുതന്നെ ആ രാജ്യത്തിന്റെ ഭരണ അസ്ഥിരതയുടെ പ്രധാന തെളിവാണ്.
ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ മാലിദ്വീപിലും ഇന്ത്യാ വിരുദ്ധതയ്ക്ക് വളക്കൂറുള്ള മണ്ണായി മാറ്റാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നത്. 2018 ല്‍ അധികാരത്തിലേറിയ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലഘട്ടത്തില്‍ ‘ഇന്ത്യ ആദ്യം’ എന്ന നയമാണ് മാലിദ്വീപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് മുയിസു ‘ചൈനയാണ് ആദ്യം’ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹം അധികാരമേറ്റ ഉടനെ തന്നെ കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മാലിദ്വീപില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സൈനികരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗമാണ്.
ഇന്ത്യയുടെ പടിഞ്ഞാറ് തീരത്തോട് ചേര്‍ന്നുള്ള മാലിദ്വീപും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന വാണിജ്യ കടല്‍പ്പാതകളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഇത് തന്നെയാണ് മാലിദ്വീപില്‍ ചൈനയ്ക്കുള്ള താല്പര്യത്തിനും പ്രധാന കാരണം. വലിയ തോതിലാണ് മാലിദ്വീപിനെ ചൈന സഹായിക്കുന്നത്. ഇതുപോലെ ചൈനയുടെ സഹായം സ്വീകരിച്ചത് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറയെയാണ് തകര്‍ത്തിരിക്കുന്നത്. ഈ വഴിയെ തന്നെയാണ് മാലിദ്വീപ് ഭരണകൂടവും സഞ്ചരിക്കുന്നത് എന്നതിനാല്‍ അവിടെയും ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
ഇന്ത്യയുടെ ശത്രുരാജ്യമായ പാകിസ്ഥാനിലെ സ്ഥിതിയും അതീവ ഗുരുതരമാണ്. ഐ എസ് ഐ തലവന്റെ നിയമനവുമായി ബന്ധപ്പെട്ട് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയുമായുണ്ടായ അസ്വാരസ്യവും, കടവും പണപ്പെരുപ്പവും, വിലക്കയറ്റവും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും എല്ലാമാണ്, പാകിസ്ഥാന്റെ ഇരുപത്തിരണ്ടാമത് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്റെ പതനത്തിന് പ്രധാന കാരണമായിരുന്നത്. പാകിസ്ഥാന്റെ ജനാധിപത്യ സംവിധാനങ്ങളുടെ പരിമിതി ഒരു ഭരണകൂടത്തിനും അവിടെ സ്ഥിരത നല്‍കുന്നില്ല.
പുതിയൊരു പാകിസ്ഥാന്‍ എന്ന വാഗ്ദാനവുമായി രംഗത്തുവന്ന ഇമ്രാന്റെ കീഴിലെ പാകിസ്ഥാന്‍, ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളില്‍ മുന്‍നിരയിലാണ് എത്തിയിരുന്നത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2021 ലെ റിപ്പോര്‍ട്ടില്‍ പാകിസ്ഥാന്റെ സ്ഥാനം 140 വരെ ആയി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. പാരീസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഇപ്പോഴും പാകിസ്ഥാനെ ‘ഗ്രെ’ ലിസ്റ്റില്‍ ആണ് പെടുത്തിയിരിക്കുന്നത്. ഇതുകാരണം അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം സ്വീകരിക്കാന്‍ പോലും പാകിസ്ഥാന് പ്രയാസമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ആകെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്.
മഹാമാരിയും, അഫ്ഗാനിസ്ഥാന്‍-പശ്ചിമേഷ്യ മേഖലകളിലെ അനിശ്ചിതത്വവും, ആഗോള മാന്ദ്യവും, പാക് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ വഷളായതും, ചൈനയുമായും റഷ്യയുമായും പുതിയ മേച്ചില്‍ പുറങ്ങള്‍ അന്വേഷിച്ച് നടന്നതും, ഇസ്ലാമാബാദിലെ സൈനിക-ബ്യൂറോക്രാറ്റ് കൂട്ടുകെട്ടുകള്‍ക്ക് അത്ര രസിച്ചിരുന്നില്ല. സൈന്യവും സാമ്പത്തികശക്തികളും കൈകോര്‍ക്കുന്ന ഒരു അധികാരവൃന്ദത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് ഇമ്രാന്‍ഖാന്‍ തുടക്കത്തില്‍ മുന്നോട്ട് പോയതെങ്കിലും അതിന് അല്പായുസ് മാത്രമാണ് ഉണ്ടായിരുന്നത്.
വലിയ അഴിമതി നടക്കുന്ന പോലീസിലും പട്ടാളത്തിലും മറ്റ് ഭരണ-നീതിന്യായ സംവിധാനങ്ങളിലും, ഇമ്രാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയിലും കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്. മുല്ലമാരെ പിണക്കാതെയും ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളെ ഇണക്കിയും നടത്തിയ കളികളും വിപരീത ഫലമാണ് ഉണ്ടാക്കിയിരുന്നത്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താനും ഇമ്രാന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഷിയാക്കളും, അഹമ്മദിയാക്കളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍, ഇമ്രാന്‍ കാഴ്ചക്കാരനായിരുന്നു. എല്ലാ അക്രമങ്ങളിലും ഇമ്രാന്‍ ഖാന്‍ വിദേശ ശക്തികളുടെ ഇടപെടലാണ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും ആ രാജ്യത്ത് വിലപ്പോയിരുന്നില്ല. അതിന്റെ പരിണിത ഫലമാണ് ഇമ്രാന്‍ ഖാന്റെ പതനം.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടിരിക്കുന്നത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ്. ഹസീനയുടെ രാജിയിലേക്ക് നയിച്ച ബംഗ്ലാദേശിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്റെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെയും ചൈനയുടെയും ബാഹ്യ ഇടപെടലുകളാണെന്ന സംശയം വ്യാപകമാണെങ്കിലും അതിനും മീതെ ഒരു ശക്തിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍.
കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്ക് പേരുകേട്ട, ബംഗ്ലാദേശി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് ഐസിഎസ്. അവരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് വന്‍ കലാപമായി മാറിയിരിക്കുന്നത്. ഇതിനായി തന്ത്രപരമായ ഇടപെടല്‍ ചില ബാഹ്യശക്തികള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യാ അനുകൂല നിലപാടുകള്‍ക്ക് ആതിഥ്യമരുളുന്ന ഹസീനയെ മാറ്റി സഖ്യകക്ഷിയെ മുന്‍നിര്‍ത്തി ഭരണം കൊണ്ടുവരാനുള്ള ബാഹ്യഇടപെടലുകളെ, ഇന്ത്യയും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
ബംഗ്ലാദേശിനെ ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളുടെ കേന്ദ്രമാക്കാനാണ് ഐസിഎസ് പദ്ധതിയിടുന്നത്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഐഎസ്ഐ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിക്ക്, ഈ വര്‍ഷമാദ്യം കാര്യമായ സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നതായ റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ ഫണ്ടിംഗിന്റെ ഒരു പ്രധാന ഭാഗം, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നവരും ഉണ്ട്. ഐഎസ്ഐ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികലക്ഷ്യം ബംഗ്ലാദേശില്‍, താലിബാന്‍ മാതൃകയിലുള്ള ഒരു ഗവണ്‍മെന്റാണ്. ആ പാതയിലേക്കാണ് ഇപ്പോള്‍ ആ രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇതൊക്കെയാണ്, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ നാം കാണാതെപോകുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്. ഇന്ത്യ തകരണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന, ലോകത്തെ രണ്ട് രാജ്യങ്ങള്‍, പാക്കിസ്ഥാനും ചൈനയും മാത്രമായിരിക്കും. അതാകട്ടെ പരമ്പരാഗതമായ വൈര്യത്തിന്റെ തുടര്‍ച്ചയുമാണ്. ഇന്ത്യയ്ക്ക് എതിരെ ലഭിക്കുന്ന ഏതവസരവും ഈ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. എന്നാല്‍, ഇന്ത്യയുടെ ഈ അഞ്ച് അയല്‍ രാജ്യങ്ങളിലും, ഇന്ത്യാവിരുദ്ധ ഭരണകൂടത്തെ പ്രതിഷ്ഠിക്കാന്‍ നടന്ന കലാപങ്ങള്‍ക്കും, ഇടപെടലുകള്‍ക്കും പിന്നില്‍, ഉറപ്പായും സംശയിക്കേണ്ട മറ്റൊരു ശക്തി അമേരിക്കയാണ്. നിലവില്‍ ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യമാണെങ്കിലും ആ സൗഹൃദത്തിനു പിന്നില്‍ ആട്ടിന്‍ തോലിട്ട ചെന്നായയുടെ മനസ്സാണുള്ളത്.
ലോക രാജ്യങ്ങളില്‍ അമേരിക്കയും അവരുടെ ചാര സംഘടനയായ സി.ഐ.എയും നടത്തിയത് പോലുള്ള അട്ടിമറി വേറൊരു രാജ്യവും ഇന്നുവരെ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത രാജ്യം കൂടിയാണ് അമേരിക്ക. ഇന്ത്യയ്ക്ക് ചുറ്റും തീയിട്ട് അവിടങ്ങളില്‍ അശാന്തിയുടെ പുകപടലങ്ങള്‍ ഉയര്‍ത്താനും അതുവഴി മുതലെടുപ്പു നടത്താനും ഏറ്റവും അധികം ആഗ്രഹിക്കുന്ന ശക്തികളില്‍ അമേരിക്കയെയും തീര്‍ച്ചയായും സംശയിക്കണം.
കാരണം സാമ്പത്തികമായും സൈനികമായും ലോകത്തെ തന്നെ വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ ഇതേ രൂപത്തില്‍ വിട്ടുകഴിഞ്ഞാല്‍ അത് ഭാവിയില്‍ വലിയ ഭീഷണിയായി മാറുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായതും ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത വര്‍ദ്ധിച്ചതും എല്ലാം അമേരിക്കയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. ചൈന – ഇന്ത്യ സംഘര്‍ഷ സാധ്യത തീരെ കുറഞ്ഞതിനു പിന്നില്‍ റഷ്യയുടെ ഇടപെടലും അമേരിക്ക സംശയിക്കുന്നുണ്ട്. മാത്രമല്ല അമേരിക്കന്‍ ചേരിയില്‍പ്പെട്ട ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങി മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ഇന്ത്യ ഉണ്ടാക്കിയെടുക്കുന്ന രാഷ്ട്രീയമായ സ്വാധീനവും അമേരിക്കന്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിക്കുന്നത് റഷ്യന്‍ ചേരിയെ ശക്തിപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യയെ പ്രതിരോധത്തില്‍ നിര്‍ത്തേണ്ടതും അമേരിക്കയുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്.
അശാന്തമാകുന്ന അയല്‍രാജ്യങ്ങള്‍ ഇന്ത്യയ്ക്കുമേല്‍ കടുത്ത അശാന്തിയുടെ പുകപടലം ഉയര്‍ത്തുമെന്നത്, ശരിക്കും അറിയാവുന്നതും അമേരിക്കയ്ക്ക് തന്നെയാണ്. ഇന്ത്യയ്ക്ക് സംശയിക്കാന്‍ പാകിസ്ഥാനും ചൈനയും ഉള്ളപ്പോള്‍, ഒരിക്കലും സംശയത്തിന്റെ മുന തങ്ങള്‍ക്ക് എതിരെ തിരിയില്ലെന്ന് അമേരിക്കയും ഒരുപക്ഷേ കണക്കുകൂട്ടിയിട്ടുണ്ടാകണം. തീര്‍ച്ചയായും ഇതിനുള്ള സാധ്യതയും, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കേണ്ടതുണ്ട്.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണമാറ്റത്തിന് അവിടുത്തെ ഭരണകൂടങ്ങള്‍ പിന്തുടര്‍ന്ന നയങ്ങളാണ് പ്രധാന കാരണമെങ്കിലും അത്തരം കാരണങ്ങള്‍ ഉണ്ടാക്കാനും അതുവഴി മുതലെടുപ്പ് നടത്താനും ഏതൊക്കെ ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ട് എന്നതാണ് കണ്ടെത്തേണ്ടത്.
ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ തീ കൊടുത്ത് ഇന്ത്യയെ ശ്വാസംമുട്ടിക്കലാണ് അജണ്ടയെങ്കില്‍ അതെന്തായാലും വിലപ്പോവാന്‍ പോകുന്നില്ല. ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ സര്‍ക്കാരുകളാണ് ഉള്ളതെങ്കിലും ഈ അഞ്ച് രാജ്യങ്ങളിലും എന്തു തരത്തിലുള്ള ഇടപെടല്‍ നടത്താനും ഇന്ത്യയ്ക്ക് ശേഷിയുണ്ട്. പാകിസ്ഥാന്‍ ഒഴികെ മറ്റ് നാല് രാജ്യങ്ങളിലെ ജനങ്ങളിലും ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്. ഇന്ത്യ സൈനികമായി ഇടപെട്ട് സ്വാതന്ത്ര്യം നേടിക്കൊടുത്ത രാജ്യമാണ് ബംഗ്ലാദേശ് എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കന്‍ ചാര സംഘടനയുടെ കരങ്ങള്‍ ബംഗ്ലാദേശിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അത് തുറന്നുകാട്ടപ്പെടുക തന്നെ വേണം.
EXPRESS VIEW