കൊടകര: സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ കഴിഞ്ഞ രാത്രി അതിക്രമിച്ച് കടന്ന സാമൂഹികവിരുദ്ധര്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പാചകപ്പുരക്കുള്ളില്‍ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുകയും സ്‌കൂള്‍ ബസിന്റെ ടയറുകള്‍ പഞ്ചറാക്കുകയും ചെയ്തു. കുട്ടികള്‍ കൈകഴുകുന്ന വാട്ടര്‍ടാപ്പുകളിലും പാചകപ്പുരയിലും പരിസരത്തും മുളകുപൊടി വിതറിയ നിലയിലാണ്. ബുധനാഴ്ച രാവിലെ പാചകക്കാരിയാണ് ബസിന്റെ ടയറുകള്‍ പഞ്ചറായ നിലയില്‍ ആദ്യം കണ്ടത്. ഇവര്‍ പ്രധാനാധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് ബുധനാഴ്ച ഉണ്ടാകില്ലെന്നും കുട്ടികളെ നേരിട്ട് സ്‌കൂളിലെത്തിക്കണമെന്നും രക്ഷിതാക്കളെ അറിയിച്ചു. പിന്നീടാണ് പാചകപ്പുരയുടെ മുന്നില്‍ മുളകുപൊടി വിതറിയത് കണ്ടത്. ഇതോടെ പൊലീസില്‍ വിവരമറിയിച്ചു.
കൊടകര പൊലീസ് എത്തി പാചകപ്പുര തുറന്നു പരിശോധിച്ചപ്പോഴാണ് ഗ്യാസ് സലിണ്ടറുകള്‍ നഷ്ടപ്പെട്ടതായി കണ്ടത്. മോഷ്ടിച്ച സിലിണ്ടറുകളിലൊന്ന് കാലിയാണ്. രണ്ടാമത്തേത് ചൊവ്വാഴ്ച എത്തിച്ചതാണ്. സ്‌കൂള്‍ ബസിന്റെ മൂന്നു ടയറുകളാണ് പഞ്ചറാക്കിയത്. കൊടകര എസ്.എച്ച്.ഒ പി.കെ.ദാസിന്റെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാചകപ്പുരയുടെ പരിസരത്ത് നിന്ന് ഓടിയ സ്റ്റെല്ല എന്ന പൊലീസ് നായ് തൊട്ടടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലൂടെയും സര്‍ക്കാര്‍ ബോയ്സ് ഹൈസ്‌കൂളിലൂടെയും കടന്ന് പുറകുവശത്തെ സ്റ്റേഡിയത്തിലാണ് ചെന്നുനിന്നത്.
സംഭവത്തിനു പിന്നില്‍ ഒന്നിലേറെ ആളുകളുള്ളതായി സംശയിക്കുന്നുണ്ട്. മോഷണമാണോ മറ്റുവല്ല ഉദ്ദേശ്യവുമാണോ എന്നതും പൊലീസ് അന്വേഷിക്കുന്നു. പാചകപ്പുരയുടെ താക്കോല്‍ സാമൂഹിക വിരുദ്ധര്‍ക്ക് എങ്ങനെ കിട്ടി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചശേഷം പാചകപ്പുര താഴിട്ടുപൂട്ടിയ നിലയിലായിരുന്നു. സ്‌കൂളിന്റെ മുന്‍വശത്തെയും വലതുവശത്തെയും ഗേറ്റുകള്‍ പൂട്ടിയിട്ടിരുന്നതിനാല്‍ പുറകുവശത്തുകൂടിയാകാം സാമൂഹികവിരുദ്ധര്‍ എത്തിയതെന്നാണ് കരുതുന്നത്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണകാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.