റിയാദ്: ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയിലെത്തി. ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എന്‍ജി വലീദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലെത്തി സ്വീകരിച്ചു
ശേഷം ബ്ലിങ്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദുമായടക്കം കൂടിക്കാഴ്ച നടത്തി. മേഖലയിലെ തന്റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കന്‍ വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞത് സൗദി അറേബ്യ ഈ മേഖലയിലെ ,സുപ്രധാന രാജ്യമാണ് എന്നാണ്. വെടിനിര്‍ത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്റെ ശ്രമമെന്നും ബ്ലിങ്കന്‍ വിവരിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചശേഷം 11 -ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം.
വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കന്‍ നേരത്തെ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ബ്ലിങ്കന്‍ ടെല്‍ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിന്‍വാറിന്റെ കൊലപാതകത്തിന് ശേഷം വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.