സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം

നെയ്യാറ്റിൻകര: മുടവൂർപാറ ശിവൻ കൊലക്കേസിൽ സഹോദരൻ മുരുകന് ജീവപര്യന്തം കഠിനതടവും പിഴയും. നെയ്യാറ്റിൻകര പള്ളിച്ചൽ പൂങ്കോട് ബാബാ നിവാസിൽ താമസിച്ചിരുന്ന ശിവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൊലചെയ്യപ്പെട്ട ശിവന്റെ ഇളയസഹോദരനുമായ മുരുകന് (46) ജീവപര്യന്തം കഠിനതടവും 2,50,000 രൂപ പിഴ ശിക്ഷയുമാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ വിധിച്ചത്. തിരുനെൽവേലി തെങ്കാശി സ്വദേശിയായ മുരുകൻ പള്ളിച്ചൽ മുടവൂർപാറയിൽ വാടകയക്ക് താമസിച്ചു വരികയാണ്.

2018 ജൂൺ ആറിന് രാത്രി 8.15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ മുരുകന്റെ ജ്യേഷ്ഠൻ ആണ് കൊലചെയ്യപ്പെട്ട ശിവൻ. പള്ളിച്ചൽ പൂങ്കോട് ബാബ നിവാസിൽ ഭാര്യ ധന്യയ്ക്കും മകൻ വിഷ്ണുവുമൊത്തു വാടക വീട്ടിലാണ് ശിവൻ താമസിച്ചു വന്നിരുന്നത്. പ്രതി മുരുകൻ തമിഴ്നാട്ടിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം തെങ്കാശിയിൽനിന്ന്‌ മറ്റൊരു സ്ത്രീയുമൊത്തു രഹസ്യമായി മുടവൂർപാറയിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മുരുകന്റെ ആദ്യ ഭാര്യയിലുള്ള മകൻ കാർത്തിക് മുടവൂർപാറ ശിവന്റെ വീട്ടിലെത്തിയത്.

കാർത്തിക് ശിവനോട് തന്റെ പിതാവിന്റെ വീട് കാണിച്ചു തരാൻ ആവശ്യപ്പെട്ടു. ആദ്യം സമ്മതിക്കാതിരുന്ന ശിവൻ പിന്നീട് കാർത്തിക്കിനേയും കൂട്ടി മുരുകന്റെ വീട്ടിലെത്തി. തന്റെ ആദ്യ ഭാര്യയിലെ മകനെ തിരിച്ചറിഞ്ഞ മുരുകൻ പ്രകോപിതനായി. തർക്കത്തിനിടെ മുരുകൻ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കൊടുവാൾ എടുത്തുകൊണ്ട് വന്നു ശിവനെ വെട്ടി പരിക്കേൽപ്പിച്ചു. തിരിഞ്ഞു ഓടാൻ ശ്രമിച്ച ശിവന്റെ മുതുകിലും ഇടതു തുടയിലും പ്രതി പിന്നെയും വെട്ടി. സംഭവസ്ഥലത്തുവെച്ചു തന്നെ ശിവൻ മരിച്ചു. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തിരുന്നു.

പ്രോസിക്യുഷൻ ഭാഗം 30 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും കേസിൽപെട്ട 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കി. ബാലരാമപുരം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.എം. പ്രദീപ്കുമാർ ആണ് അന്വേഷണം നടത്തി അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ. അജികുമാർ കോടതിയിൽ ഹാജരായി.

Top