തിരുവനന്തപുരം: അന്‍വറിന്റെ കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ടെന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി വി കെ സനോജ്. അന്‍വര്‍ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണ്. അന്‍വറിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസിനെ സഹായിക്കാനാണ്. അന്‍വറിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ ലൈക്കും കമൻ്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ അൻവർ ആയിട്ടില്ല. അൻവർ കാണാൻ പോകുന്നതേ ഉള്ളൂ. അദ്ദേഹത്തിന്റെ ഭീഷണികളെ അംഗീകരിക്കാൻ കഴിയില്ല. അൻവറിന് പല അജണ്ടകളുമുണ്ട്. നൂറുവർഷത്തെയും 150 വർഷത്തെയും കുടുംബ പാരമ്പര്യം കയ്യിൽ വച്ചാൽ മതി. ആരുടെ ഉപദേശപ്രകാരമാണ് അൻവർ ഇതിനൊക്കെ തുനിയുന്നത് എന്നോർക്കണം. മറുനാടൻ മലയാളിയുടെ മറുപതിപ്പായി അൻവർ മാറിയെന്നും വി കെ സനോജ് ആരോപിച്ചു.