CMDRF

പണവും പാണക്കാട്ട് കുടുംബത്തിൽ സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും മുസ്ലീം ലീഗ് പദവി നൽകുമോ ?

പണവും പാണക്കാട്ട് കുടുംബത്തിൽ സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും മുസ്ലീം ലീഗ് പദവി നൽകുമോ ?
പണവും പാണക്കാട്ട് കുടുംബത്തിൽ സ്വാധീനവും ഉണ്ടെങ്കിൽ ആർക്കും മുസ്ലീം ലീഗ് പദവി നൽകുമോ ?

മുസ്ലീം ലീഗ് എന്ന് പറയുന്നത് വല്ലാത്തൊരു പാർട്ടി തന്നെയാണ്. പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർ ഇത്രമാത്രം തഴയപ്പെടുന്ന മറ്റൊരു പാർട്ടിയും കേരളത്തിൽ ഉണ്ടാവുകയില്ല. മുസ്ലീം ലീഗിനായി പണിയെടുക്കുന്ന പാർട്ടി നേതാക്കൾ വെള്ളംകോരികളും വിറകുവെട്ടുകാരുമായി പുറത്തുനിൽക്കുകയും പണക്കാരും സ്വാധീനമുള്ളവരും പിൻവാതിലിലൂടെ രാജ്യസഭയിലേക്കെത്തുന്ന ചരിത്രം ആവർത്തിക്കുന്നതും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വമുള്ളത്. മികച്ച പാർലമെന്റേറിയനായ ജി.എം ബനാത്ത്‌വാലക്ക് സീറ്റ് നിഷേധിച്ച് പി.വി അബ്ദുൽവഹാബിനാണ് 2004ൽ മുസ്ലീം ലീഗ് രാജ്യസഭാ സീറ്റ് നൽകിയിരുന്നത്. അന്നത്തെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു ലീഗ് നേതാക്കളുടെ കടുത്ത എതിർപ്പിനെപ്പോലും മറികടന്ന് വഹാബിനെ രാജ്യസഭയിലെത്തിച്ചിരുന്നത്.

പണിയെടുക്കുന്ന പാർട്ടിക്കാരെ മറന്ന് പണക്കാരനായ മുതലാളിയെ രാജ്യസഭയിലെത്തിച്ചതിനെതിരെ ശക്തമായ വികാരമാണ് ലീഗണികളിലുണ്ടായത്. എന്നാൽ പാണക്കാട്ട് തങ്ങളെടുത്ത തീരുമാനം ലീഗണികൾ മറുവാക്കില്ലാതെ അനുസരിക്കാമെന്ന വിശ്വാസത്തിലായിരുന്നു അന്ന് ലീഗ് നേതൃത്വം മുന്നോട്ട് പോയിരുന്നത്. അതുപക്ഷേ ലീഗിന് തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് നേതൃത്വം പണക്കാർക്കും സ്വാധീനമുള്ളവർക്കും കീഴടങ്ങുന്നുവെന്ന വികാരം അലയടിച്ചതോടെ കേവലം ഏഴുസീറ്റെന്ന നാണംകെട്ട പരാജയത്തിലേക്കാണ് ലീഗ് കൂപ്പുകുത്തിയിരുന്നത്. കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തിരൂരിൽ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയിൽ എം.കെ മുനീറും വരെ അന്നത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുണ്ടായി. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയമാണ് 2006 -ൽ ലീഗിന് നേരിടേണ്ടി വന്നിരുന്നത്. ഇതിന് പ്രധാനമായും കാരണമായത് ബനാത്ത്‌വാലയെ മാറ്റി മുതലാളിയായ പി.വി അബ്ദുൽവഹാബിനെ രാജ്യസഭയിലേക്കയച്ച പാണക്കാട്ടെ നടപടിയാണ്.

സമാനമായ സാഹചര്യമാണ് ലീഗ് രാഷ്ട്രീയത്തിൽ ഇപ്പോൾ വീണ്ടും ഉരുത്തിരിഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ രാജ്യസഭയിലേക്കയക്കണമെന്ന, കുഞ്ഞാലിക്കുട്ടിയുടെയും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെയും വാദവും യൂത്ത്‌ലീഗിന് രാജ്യസഭയിൽ പ്രാതിനിത്യം വേണമെന്ന മുനവറലി ശിഹാബ് തങ്ങളുടെയും യൂത്ത്‌ലീഗിന്റെയും ആവശ്യവും ഒട്ടും പരിഗണിക്കാതെയാണ് ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാനെ രാജ്യസഭയിലേക്കയക്കാൻ തീരുമാനിച്ചിരുന്നത്. ഇത് ആ പാർട്ടിയിൽ ഉണ്ടാക്കിയ അതൃപ്തി ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യൂത്ത്‌ലീഗ് നേതൃത്വം പദവികൾ ആവശ്യപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ മത്സരിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. പരിചയ സമ്പത്തുള്ള നേതാക്കളെ ലോക്‌സഭയിലേക്കയക്കണമെന്ന വാദവും പാണക്കാട്ടെ ലീഗ് നേതൃത്വം തിരസ്ക്കരിക്കുകയാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായപ്പോൾ രാജ്യസഭയിൽ പരിഗണിക്കാമെന്ന് നൽകിയ വാഗ്ദാനവും ലീഗ് അദ്ധ്യക്ഷൻ പാലിച്ചിട്ടില്ല.

ഇ.ടി മുഹമ്മദ്ബഷീറിനെയും എം.പി അബ്ദുസമദ്‌സമദാനിയെയും പരസ്പരം മണ്ഡലം മാറ്റി മത്സരിപ്പിക്കാൻ തീരുമാനിച്ചത് പോലും പാളയത്തിലെ പട പേടിച്ചിട്ടാണ്. എന്നാൽ രാഷ്ട്രീയ കലാവസ്ഥ അനുകൂലമായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടിക്കും സമദാനിക്കും വൻ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഈ വിജയം ലീഗ് നേതൃത്വത്തിന് നൽകിയ അമിത ആത്മവിശ്വാസവും വലുതാണ്.

ഈ ആത്മവിശ്വാസം തന്നെയാണ് യൂത്ത് ലീഗ് നേതൃത്വത്തിന് രാജ്യസഭ സീറ്റ് നൽകാമെന്ന വാഗ്ദാനം ലംഘിക്കാൻ ലീഗ് അദ്ധ്യക്ഷന് ധൈര്യം നൽകിയിരിക്കുന്നത്. ഇപ്പോൾ ലീഗ് ടിക്കറ്റിൽ സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാനെയാണ് ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രാജ്യസഭയിലേക്ക് അയച്ചിരിക്കുന്നത്.

സുപ്രീം കോടതിയിൽ മുസ്ലീം ലീഗിന്റെ കേസുകൾ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണെന്നതും ഡൽഹി കെ.എം.സി.സി പ്രസിഡന്റ് ലീഗ് അനുകൂല ലോയേഴ്‌സ് ഫോറം ദേശീയ കൺവീനർ എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിക്കുന്നതും ചൂണ്ടിക്കാട്ടിയുമാണ് ഹാരിസ് ബീരാന് രാജ്യസഭാ സീറ്റ് നൽകിയതിനെ ലീഗ് നേതൃത്വം ന്യായീകരിക്കുന്നത്. ഇതാകട്ടെ, ലീഗിൻ്റെ സാധാരണ പ്രവർത്തകർക്കു പോലും ദഹിക്കാത്ത വാദങ്ങളുമാണ്.

എസ്.ഡി.പി.ഐയുടേതും അബ്ദുസമദ് സമദാനിയുടേതുമടക്കമുള്ള കേസുകൾ സുപ്രീം കോടതിയിൽ ഏകോപിപ്പിച്ച് നടത്തിയത് ഹാരിസ് ബീരാനാണ്. കപിൽ സിബൽ അടക്കമുള്ള മുതിർന്ന അഭിഭാഷകരാണ് സുപ്രീം കോടതിയിൽ വാദം നടത്തിയിരുന്നത്. ഈ സഹായത്തിന് ആ അഭിഭാഷക സംഘത്തിലുണ്ടായിരുന്ന ഹാരിസ് ബീരാന് ഫീസ് നൽകിയാൽ പോരായിരുന്നോ രാജ്യസഭാ സീറ്റ് തന്നെ കൊടുക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് സാദിഖലി ശിഹാബ് തങ്ങൾ ഇപ്പോൾ നേരിടുന്നത്. ലീഗിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾക്കിടയിൽ പോലും ഇതേ അഭിപ്രായമാണ് ഉള്ളത്. ലീഗ് അദ്ധ്യക്ഷനെ പേടിച്ച് ആരും ഈ എതിർപ്പ് പരസ്യമായി പറയുന്നില്ലെന്നുമാത്രം.

രാജ്യസഭയിൽ ഇപ്പോൾ ലീഗിന് രണ്ട് എം.പിമാരാണുള്ളത്. അതാകട്ടെ വഹാബും ഹാരിസ് ബീരാനുമാണ്. നിർണായക അവസരത്തിലൊന്നും തന്നെ രാജ്യസഭയിൽ ലീഗ് നിലപാടിനൊപ്പം നിൽക്കാത്തയാളാണ് വഹാബ്. മുസ്ലീം ലീഗ് വൈകാരികമായി ഉയർത്തിക്കൊണ്ടുവന്ന സാമുദായിക വിഷയമായ മുത്തലാക്ക് ബില്ലിനെക്കുറിച്ച് രാജ്യസഭയിൽ ചർച്ച നടന്നപ്പോൾ പോലും വഹാബ് പങ്കെടുത്തിരുന്നില്ല. ‘ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്നാണ് ‘ അന്ന് വഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റായ പാണക്കാട് മൊയീൻ അലി ശിഹാബ് തങ്ങൾ, പരസ്യമായി ആവശ്യപ്പെട്ടിരുന്നത്. മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീൻ അലി ശിഹാബ് തങ്ങളുടെ ഈ വിമർശനം യൂത്ത് ലീഗും അന്ന് ഏറ്റെടുത്തിരുന്നു. ഇതോടെ പിന്നീട് ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വഹാബിനോട് വിശദീകരണം തേടിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചർച്ചാസമയത്ത് ഹാജരാകാൻ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ ലീഗ് നേതൃത്വം തന്നെ അന്നത്തെ വിവാദം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

മൂന്നു തവണയാണ് വഹാബിന് ലീഗ് രാജ്യസഭാംഗത്വം നൽകിയിരുന്നത്. 2015ൽ വഹാബിന് രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരെയും ലീഗിൽ എതിർപ്പുയർന്നിരുന്നു. കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ രാജ്യസഭാസീറ്റിലേക്ക് നിർദ്ദേശിച്ചിരുന്നത്. “സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാർട്ടി പ്രവർത്തകർക്കു നൽകേണ്ട പദവി മുതലാളിക്ക് നൽകരുതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും” അക്കാലത്ത് വിവാദമായിരുന്നു. രാജ്യസഭാ സീറ്റു നൽകിയില്ലെങ്കിൽ മുന്നണിവിടുമെന്നത് ഉൾപ്പെടെയുള്ള ഭീഷണി വഹാബ് ക്യാംപ് ഉയർത്തിയതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് തന്നെ ലഭിച്ചു.

പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന വഹാബിനെ രാജ്യസഭയിലേക്കയച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ തീരുമാനത്തിനൊപ്പമാണ് ഹാരിസ് ബീരാനെ രാജ്യസഭയിലേക്കയച്ച സാദിഖലി തങ്ങളുടെ തീരുമാനത്തെയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ലീഗ് നേതൃത്വം ഒരിക്കലും മാറില്ലെന്ന സന്ദേശം കൂടിയാണിത്. ഇത് ആ പാർട്ടിയിലെ പ്രവർത്തകരും അനുഭാവികളെയും വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. ഈ പ്രവണതയ്ക്ക് എതിരെ ലീഗിൽ രൂപപ്പെട്ട ഭിന്നത പൊട്ടിത്തെറിയിൽ കലാശിച്ചാൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിലയാണ് ലീഗിന് നൽകേണ്ടി വരിക.

2006ലെ തിരഞ്ഞെടുപ്പിൽ പാണക്കാട്ടെ കുടുംബത്തിൻ്റെ അടുപ്പക്കാർ കൂടിയായ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മദ്ബഷീറിനെയും എം.കെ മുനീറിനെയും ഉൾപ്പെടെ തോൽപ്പിച്ച് ലീഗിനെ 7 സീറ്റിലൊതുക്കിയ ചരിത്രം രാഷ്ട്രീയ കേരളത്തിനുണ്ട്. ഇതുപോലൊരുതിരിച്ചടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകാനുള്ള സാധ്യതയും എന്തായാലും തള്ളിക്കളയാൻ കഴിയുകയില്ല.

റിപ്പോർട്ട് : കാവ്യശ്രീ. ടി

EXPRESS VIEW

Top