ആപ്പിള്‍ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ വേരിയന്റ് ഇനി ഇന്ത്യയിലും

ആപ്പിള്‍ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ വേരിയന്റ് ഇനി ഇന്ത്യയിലും
ആപ്പിള്‍ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ വേരിയന്റ് ഇനി ഇന്ത്യയിലും

കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ ഓപ്ഷനുകള്‍ ഇനി ഇന്ത്യയിലും ലഭ്യമാകും. 10900 രൂപയാണ് ഇതിന് വില. യഥാര്‍ഥ ഹോം പോഡ് മോഡലിനെക്കാള്‍ ഒതുങ്ങിയ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പിള്‍ ഹോംപോഡ് മിനി അള്‍ട്രാ വൈഡ് ബാന്റ് സാങ്കേതിക വിദ്യയോടുകൂടിയ ഉപകരണമാണ്.

മിഡ്നൈറ്റ് എന്ന പേരിലുള്ള കളര്‍ ഓപ്ഷനാണ് ഇന്ത്യയില്‍ പുതിയതായി അവതരിപ്പിച്ചത്. 100 ശതമാനവും പുനരുപയോഗം ചെയ്ത മെഷ് ഫാബ്രിക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇന്ത്യയും യുഎസും അടക്കം 32 രാജ്യങ്ങളില്‍ ആപ്പിള്‍ ഹോംപോഡ് മിനി വിപണിയിലെത്തും. പുതിയ നിറം എത്തിയതോടെ സ്പേസ് ഗ്രേ വേരിയന്റ് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നീല, ഓറഞ്ച്, വെള്ള, മഞ്ഞ നിറങ്ങളാണ് മറ്റുള്ളവ.

2020 ല്‍ ഐഫോണ്‍ 12 സീരീസിനൊപ്പമാണ് ആപ്പിള്‍ ഹോം പോഡ് മിനി അവതരിപ്പിച്ചത്. സ്വകാര്യതയെയും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മോഡല്‍ എന്നാണ് ഹോം പോഡ് മിനി സംബന്ധിച്ച് ആപ്പിള്‍ പറയുന്നത്. ഹോംപോഡ് മിനിയ്ക്കും മികച്ച സുരക്ഷയുണ്ടാകുമെന്നാണ് ആപ്പിള്‍ പറയുന്നത്. 360 ഡിഗ്രി ശബ്ദാനുഭവത്തിന് സ്ഥിരതയുള്ള രീതിയിലാണ് ഇതിന്റെ ഡിസൈന്‍ എന്നും ആപ്പിള്‍ അവകാശപ്പെടുന്നു. കമ്പനിയുടെ തന്നെ എസ്5 ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് സ്പീക്കറില്‍ അള്‍ട്രാ വൈഡ് ബാന്റിന് വേണ്ടി പ്രത്യേകം യു1 ചിപ്പും സ്ഥാപിച്ചിട്ടുണ്ട്. ഐഫോണ്‍,ഐപാഡ്, ആപ്പിള്‍ വാച്ച്, കാര്‍പ്ലേ എന്നിവയുമായെല്ലാം ഇത് ബന്ധിപ്പിക്കാനാവും.

ടച്ച് സെന്‍സിറ്റീവ് ലൈറ്റ് എമിറ്റിങ് പാനലോടുകൂടിയ സ്മാര്‍ട് സ്പീക്കറാണിത്. ഈ പാനല്‍ ഉപയോഗിച്ചും ശബ്ദത്തിലൂടെയും സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാം. സ്മാര്‍ട് ഉപകരണങ്ങള്‍ ശബ്ദനിര്‍ദേശത്തിലൂടെ നിയന്ത്രിക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. ഒന്നിലധികം ഹോംപോഡുകളെ ഒരു ഇന്റര്‍ കോം പോലെ ഉപയോഗിക്കാനും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. സിരി വോയസ് അസിസ്റ്റന്റ് ഇതില്‍ ലഭ്യമാണ്.

Top