ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍: റോയൽ എൻട്രിക്കൊരുങ്ങി ‘ആപ്പിൾ’

ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍: റോയൽ എൻട്രിക്കൊരുങ്ങി ‘ആപ്പിൾ’
ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍: റോയൽ എൻട്രിക്കൊരുങ്ങി ‘ആപ്പിൾ’

ന്യൂയോര്‍ക്ക്: മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍(മടക്കാവുന്നവ) ഇതിനകം തന്നെ വിപണി കീഴടക്കി കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനുള്ള ആപ്പിളിന്റെ മന്ദത വളരെ കാലമായി കേൾക്കുന്ന വാർത്തകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ആ കാര്യത്തിലും ഒരു തീരുമാനമായി. ഫോള്‍ഡബിള്‍ ഐഫോണുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. സാംസങ് ഗ്യാലക്സി സെഡ് ഫ്‌ളിപിനോട് സാമ്യമുള്ളതാകാം ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണ്‍. മടക്കാവുന്ന ഫോണിന് പരിഗണിച്ച രണ്ട് ഡിസൈനുകളിൽ ഒന്നിന് ആപ്പിള്‍ സമ്മതം മൂളിയതായാണ് പുറത്തു വരുന്ന വാർത്ത.

വി68 എന്ന വിളിപ്പേരിലാണ് കമ്പനിക്കുള്ളില്‍ ആദ്യ ക്ലാംഷെല്‍ ഫോണ്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.ഇതിനര്‍ത്ഥം അതിന്റെ വികസിപ്പിക്കല്‍ ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നാകാം. ഡിജിടൈംസും ഈ അവകാശവാദം ശരിവയ്ക്കുന്നു. അതേസമയം, രണ്ടാമതൊരു ഫോള്‍ഡിൾ ഫോണും ആപ്പിൾ നിര്‍മിച്ചുവരുന്നുണ്ട്. ഇത് ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയായ മാക്ബുക്ക് തുറക്കുന്ന രീതിയില്‍ അണ്‍ഫോള്‍ഡ് ചെയ്യാവുന്നതായിരിക്കും. ഇതും 2026ല്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും അഭ്യൂഹമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിളിന്റെ എതിരാളികളായ, സാംസങ്, ഗൂഗിള്‍ (പിക്‌സല്‍), വാവെയ് തുടങ്ങിയ കമ്പനികള്‍ മടക്കാവുന്ന ഫോണുകള്‍ പുറത്തിറക്കിയെങ്കിലും ഫോണിന്റെ നിര്‍മ്മാണത്തില്‍ ആപ്പിളിനു മുന്നില്‍ വിലങ്ങുതടിയായി നിന്നത് മൂന്നു പ്രശ്‌നങ്ങളാണ്.

അതിൽ ഒന്നാമത്തേത് ഗുണനിലവാരമുള്ള ഡിസ്‌പ്ലെ ഉണ്ടാക്കി നല്‍കാന്‍ കെല്‍പ്പുള്ള സ്‌ക്രീന്‍ നിര്‍മ്മാതാവിനെ കണ്ടെത്താനായിരുന്നില്ല എന്നതാണ്. അത്തരത്തിലുള്ള ഒരു സ്‌ക്രീന്‍ മടക്കിയാല്‍ എന്തുസംഭവിക്കും എന്ന കാര്യത്തെക്കുറിച്ചായിരുന്നു കമ്പനി പഠിച്ചുവന്നത്. ഇങ്ങനെ മടക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ചുളിവു വീഴാതിരിക്കാന്‍ എന്തു ചെയ്യണം എന്ന കാര്യവും കമ്പനി പഠിച്ചിരുന്നു. പല തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടി വരുന്നതിനാല്‍ തിരിയുന്നിടം ഈടുനില്‍ക്കുമോ എന്ന കാര്യത്തിലായിരുന്നു കമ്പനിയുടെ രണ്ടാമത്തെ ആശങ്ക. ദിവസവും പരുക്കനായി ഉപയോഗിച്ചാല്‍ സ്‌ക്രീന്‍ കേടായിപോവില്ലേ, അവയ്ക്ക് വിള്ളലും ചുളിവും വീഴില്ലേ തുടങ്ങിയ കാര്യങ്ങളിലും ആപ്പിളിന് പേടി ഉണ്ടായിരുന്നു.

ഫോണുകളുടെ നിര്‍മ്മാണത്തില്‍ ആപ്പിളിന്റെ അടിസ്ഥാനപരമായ പ്രതിസന്ധി അതിന്റെ രൂപകല്‍പ്പനയെക്കുറിച്ചുള്ളതായിരുന്നു. ഇവയ്ക്ക് സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഒട്ടിക്കാനൊക്കില്ല. തുറക്കുമ്പോള്‍ വലിയ ഒറ്റ സ്‌ക്രീനിന്റെ പ്രതീതി വരുത്തുന്ന തരം ഗ്ലാസ് ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ശ്രമകരമാണ് എന്നതും ആപ്പിള്‍ നേരിട്ട പ്രശ്‌നങ്ങളില്‍ മറ്റൊന്നായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോള്‍ഡിങ് ഫോണ്‍ വില്‍പ്പന 49 ശതമാനം 2024 ആദ്യ പാദത്തില്‍ വര്‍ദ്ധിച്ചു എന്ന കൗണ്ടര്‍ പോയിന്റ് റിപ്പോര്‍ട്ടും ആപ്പിളിനെ ഇരുത്തിച്ചിന്തിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോണുകളുടെ വില്‍പ്പനയില്‍ ഇതേ പാദത്തില്‍ 13 ശതമാനമാണ് ഇടിവു കാണിച്ചിരിക്കുന്നത്.

Top