തിരുവനന്തപുരം: മലബാർ ഇൻറർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിൻറെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് തയാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻറെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഇ.ഒ.ഐ ൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) ലഭ്യമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നൽകി.
സംസ്ഥാന സർക്കാർ തുറമുഖ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക് /പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇൻറർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ചിരുന്നു.
14.1 മീറ്റർ ആഴമുള്ളതും 8000-75,000 ഡി.ഡബ്ല്യു.ടി അല്ലെങ്കിൽ 5000 ടി.ഇ.യു വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനർ കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാർക്കുകൾ / പ്രത്യേക സമ്പത്തിക മേഖലകൾ വഴി മലബാറിൻറെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കൽ ഇൻവസ്റ്റിഗേഷൻ) പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് 2022 ജനുവരിയിൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് സാങ്കേതിക കൺസൾട്ടൻറ് സമർപ്പിച്ച ഡിസൈൻ റിപ്പോർട്ട് പ്രകാരം പുലിമുട്ട് ഡിസൈൻ മാറ്റങ്ങൾ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടർ ഫൗണ്ടേഷൻ മാറ്റിക്കൊണ്ടുള്ള ശുപാർശകളോടെ ഡിസൈൻ റിപ്പോർട്ട് സാങ്കേതിക കൺസൾട്ടൻറ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.
കയറ്റുമതി – ഇറക്കുമതി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. . ഇതിൻ്റെ കൺസൾറ്റൻറ്, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് (ടി.സി.ഇ) പ്രത്യേക സാമ്പത്തിക മേഖലകളുടെ ഇൻസെപ്ഷൻ റിപ്പോർട്ട് 2021 മാർച്ചിലും, ഹിന്റ്റർലാൻഡ് ബിസിനസ് പൊട്ടൻഷ്യൽ റിപ്പോർട്ട് 2022 മാർച്ചിലും സമർപ്പിച്ചു. വ്യവസായ പാർക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റർപ്ലാനും തയാറാക്കും.