ദമ്മാം: കൾചർ ആൻഡ് ആർട്ട്സ് അസോസിയേഷന്റെ സഹകരണത്തോടെ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾചറൽ സെൻറർ (ഇത്റ)യിലെ എനർജി എക്സിബിഷനൽ സ്റ്റുഡിയോ തിയറ്ററിൽ നടന്ന ലഘുനാടകോത്സവം സമാപിച്ചു. മൂന്നു ദിവസം നീണ്ട നാടകോത്സവത്തിൽ ഒമ്പത് നാടകങ്ങളാണ് മാറ്റുരച്ചത്.10 വിഭാഗങ്ങളിൽ അംഗീകാരങ്ങൾ നേടി അവസാന ദിവസം അവതരിപ്പിച്ച ‘കുപ്പി’ എന്ന നാടകം ഒന്നാം സ്ഥാനത്തിന് അർഹമായി. അറബ് മേഖലയിൽ നാടകാവതരണ മേഖലകളിൽ നേടിയെടുത്ത മികച്ച അംഗീകാരങ്ങളുടെ പ്രതിഫലനമാണ് മേളയിലുടനീളം അവതരിപ്പിക്കപ്പെട്ട നാടകങ്ങളിലൂടെ വെളിവായതെന്ന് വിദഗ്ധർ വിലയിരുത്തി.
‘കുപ്പി’ എന്ന നാടകത്തിന്റെ രചന നിർവഹിച്ച അബ്ദുൽ അസീസ് അൽ യൂസുഫിനാണ് മികച്ച രചയിതാവിനുള്ള അവാർഡ്. ഇതേ നാടകത്തിലെ നായകൻ ഹുസൈൻ യൂസുഫ് മികച്ച നടനായും നാസർ അബ്ദുൽ വാഹിദ് മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.ആസിഫ് എന്ന നാടകത്തിലെ നായികയെ അവതരിപ്പിച്ച, അമൽ അൽ റമദാനും ഗാർഡിയൻ ഓഫ് തിയറ്ററിലെ ഫാത്തിമ അൽ ജിഷിയും മികച്ച നടിക്കുള്ള അംഗീകാരം പങ്കിട്ടു. യൂസുഫുൽ ഹർബിയാണ് മികച്ച സംവിധായകൻ. പ്രാദേശിക നാടക പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ നൽകുക.
കാമ്പും പ്രതികരണ യോഗ്യവുമായ നാടകങ്ങൾ രൂപപ്പെടുത്തുക, നാടകവുമായി ബന്ധപ്പെട്ട മികച്ച അറിവുകൾ പകരുന്ന സെമിനാറുകൾ സംഘടിപ്പിക്കുക, രാജ്യത്തെ നാടകപ്രവർത്തകരെ സംഘടിപ്പിക്കുക, മികച്ച സദസ്സിന് മുന്നിൽ നാടകങ്ങൾ അവതരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാടകോത്സവം സംഘടിപ്പിച്ചത്.മേളയിൽ പങ്കെടുത്ത മിക്ക നാടകങ്ങളും മറ്റ് നിരവധി അറബിക് ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നവയാണ്. ഇത്റയിലെ ലഘു നാകോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ പലരും അന്താരാഷ്ട്ര വേദികളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഇത്റ പ്രോഗ്രാം ഡയറക്ടർ നൂറ അൽ സമീലിമിന്റെ സാന്നിധ്യത്തിൽ മേളയുടെ സമാപന ചടങ്ങുകൾ നടന്നു. ‘അവാൻ’ മ്യൂസിക്കൽ ബാൻഡ് സംഗീത പരിപാടികൾ അവതരിപ്പിച്ചു. പ്രമുഖ നടൻ ഷെഹാബ് അൽ ഷെഹാബിന്റെ ആമുഖഭാഷണത്തോടെയാണ് ചടങ്ങൾക്ക് തുടക്കമായത്.
ഫെസ്റ്റിവലിലെ തന്റെ അനുഭവം അവലോകനം ചെയ്ത അദ്ദേഹം, നാടകമേള ക്രിയാത്മകവും വികാരഭരിതവുമായ അനുഭവമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അല്ലാഹു നിങ്ങൾക്ക് നൽകിയ കഴിവും അവസരങ്ങളും ഏറ്റവും നന്നായി ഉപയോഗിക്കുന്ന വിശ്വാസിയായിരിക്കാൻ അദ്ദേഹം നാടകപ്രവർത്തകരെ ഉദ്ബോധിപ്പിച്ചു.നിശ്ശബ്ദമായി പരിശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, വിവാദങ്ങളെയും ആക്ഷേപങ്ങളെയും വിട്ടുകളയുക, നേട്ടങ്ങൾ തുടരാനുള്ള നാളെയുടെ പ്രചോദനങ്ങളാകുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.2021 മുതലാണ് ഇത്ഹ ലഘുനാടകോത്സവത്തിന് തുടക്കമിട്ടത്. പ്രേക്ഷകർക്ക് വ്യത്യസ്തവും വിനോദവും പകരുന്ന ആവേശകരവും സമകാലികവുമായ സൃഷ്ടികളാണ് ഇതിൽ കൂടുതലും അവതരിപ്പിക്കപ്പെടുന്നത്. അതിനൊപ്പം കിഴക്കൻ പ്രവിശ്യയിൽ ഒരു നാടകസമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഇത്റയുടെ പ്രധാന ദൗത്യം.അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്ന ഉയർന്നനിലവാരമുള്ള നാടകം ഒരുക്കുന്ന മുഴുവൻ സമയ അറബികലാകാരന്മാരെ സൃഷ്ടിച്ചെടുക്കാൻ ഇത്ര നാടകോത്സത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.