സിനിമകളുടെ റീ റിലീസിന്റെ കാലമാണിത്. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും നിന്നുമായി ഇതിനോടകം തന്നെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിലെ ഒരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. സിനിമ പ്രേമികൾക്ക് പ്രത്യേകിച്ച് മമ്മൂട്ടി ആരാധകർക്ക് ആവേശം നൽകുന്ന എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ ആണ് റീ റിലീസിന് ഒരുങ്ങിയത്.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ-റിലീസിനായി ഒരുങ്ങുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും തിയറ്ററുകളിലേക്ക് തിരിച്ചെത്തിക്കുന്നത്.
Also Read: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു
ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. മൺ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ് വല്യേട്ടന്റെ റീ റിലീസിലൂടെ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ് ആണ്. സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജാകൃഷ്ണൻ, ധനുഷ് നയനാരാണ് സൗണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി. എന്തായാലും മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയെന്ന കഥാപാത്രത്തെ ആരാധകർ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്.