മനുഷ്യന്റെ ഏറ്റവും വലിയ ജിജ്ഞാസകളില്‍ ഒന്നാണ് അന്യഗ്രഹ ജീവികളും അവരുടെ പറക്കും തളികകളും. അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഇന്നുവരെ മനുഷ്യര്‍ക്ക് ലഭിച്ചിട്ടില്ലതാനും. എന്നാല്‍, അമേരിക്കയുടെ പലഭാഗത്തും പസഫിക്ക് സമുദ്ര പ്രദേശത്തും പറക്കും തളികകള്‍ കണ്ടെന്ന് വൈമാനികരടക്കമുള്ളവരുടെ വെളിപ്പെടുത്തലുകള്‍ ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അവ ഒരിക്കല്‍ ഭൂമിയില്‍ എത്തുമെന്നുമുള്ള ഊഹാപോഹങ്ങള്‍ ഇപ്പോഴും ലോകമെങ്ങും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
എന്നാല്‍, അന്യഗ്രഹ ജീവികളെയും പറക്കുംതളികകളേയും കുറിച്ച് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പെന്റഗണ്‍. അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കണ്ടതായി നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും, അന്യഗ്രഹ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയിരിക്കുന്നത്. പെന്റഗണ്‍ പുറത്തുവിട്ട ഒരു അണ്‍ക്ലാസിഫൈഡ് ഡോക്യുമെന്റില്‍ പറക്കും തളികകളോ, അതിനു സമാനമായ വസ്തുക്കളോ ദൃശ്യമായ സംഭവങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎപിഎസ് എന്ന പദമാണ്, സാധാരണയായി UFO (Unidentified Flying Objects) വസ്തുക്കളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളത്.
Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎപി കാഴ്ചകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഡോക്യുമെന്റില്‍ സൂചിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്കന്‍ സൈന്യത്തിന്റെ സുരക്ഷാ ജീവനക്കാരില്‍ നിന്നുള്ള വിവരങ്ങളാണിത്. എന്നാല്‍, ഈ ഡോക്യുമെന്റില്‍ അജ്ഞാത വസ്തുക്കളുടെ സാങ്കേതിക സ്വഭാവം അല്ലെങ്കില്‍ അതിന്റെ ഉറവിടം സംബന്ധിച്ചും വ്യക്തമായ തെളിവുകള്‍ ഇല്ലെന്നതും പെന്റഗണ്‍ വ്യക്തമാക്കുന്നു. 2022-ല്‍ പെന്റഗണ്‍ സ്ഥാപിച്ച ആള്‍ ഡൊമെയ്ന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ് (AARO ) അജ്ഞാത പറക്കും തളികകളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസായാണ് അറിയപ്പെടുന്നത്. 2023 മെയ് മുതല്‍ 2024 ജൂണ്‍ വരെ പറക്കും തളികകളെക്കുറിച്ചുള്ള 485 UAP റിപ്പോര്‍ട്ടുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം മൊത്തം 118 കേസുകള്‍ നിലവില്‍ പരിഹരിച്ചിട്ടുണ്ട്. അവയെല്ലാം ‘വിവിധ തരം ബലൂണുകള്‍, പക്ഷികള്‍, ആളില്ലാ ആകാശ സംവിധാനങ്ങള്‍ എന്നിവ പോലെയുള്ള വസ്തുക്കളാണെന്ന്’ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ”മറ്റു പല കേസുകളും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നതായും ഓഫീസ് പറയുന്നു.
സൈനിക പൈലറ്റുമാര്‍ പരിശീലന അഭ്യാസത്തിനിടെ യുഎപിയുമായി അടുത്തിടപഴകിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് വ്യോമാതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥര്‍, സിവിലിയന്‍ നിരീക്ഷകര്‍, നൂതന റഡാര്‍ സംവിധാനങ്ങള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ കണ്ടതായി പറയുന്ന പറക്കുംതളിക മാതൃകയിലുള്ള ഈ ദുരൂഹ സംഭവങ്ങള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കണന്നാണ് ആവശ്യം. അമേരിക്കയുടെ പ്രതിരോധ മേഖലകളില്‍ വിദേശ എതിരാളികളുടെ സാങ്കേതികവിദ്യകളെയോ, ഏതെങ്കിലും നൂതന എയ്‌റോസ്‌പേസ് കഴിവുകളെയോ ഇതുവരെ സ്ഥിരീകരിക്കാത്തതും പറക്കുംതളികകളെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് AARO വ്യക്തമാക്കുന്നു.
Also Read: പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു
എന്നാല്‍, അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമി സന്ദര്‍ശിച്ചിട്ടില്ലെന്ന പെന്റഗണിന്റെ വാദം ഗൂഢാലോചന സിദ്ധാന്തകര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇവരില്‍ പലരും അന്യഗ്രഹ ജീവികളുടെ തെളിവുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നതായി വിശ്വസിക്കുന്നത്. 1947ല്‍ കെന്നെത്ത് ആര്‍നൊള്‍ഡ് എന്ന സ്വകാര്യ വൈമാനികന്‍ ആകാശത്ത് പറക്കുന്ന തിളക്കമുള്ള തളികയാകൃതിയിലുള്ള വസ്തുക്കളെ കണ്ടതോടെയാണ് പറക്കും തളികയെന്ന അജ്ഞാതവസ്തുവും അന്യഗ്രഹ ജീവികളും എന്ന സങ്കല്‍പ്പത്തിന് ജീവന്‍ വെച്ചത്. ലോകമെമ്പാടും ഇത്തരത്തില്‍ ധാരാളം പറന്നുനടക്കുന്ന അജ്ഞാതവസ്തുക്കളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള പറക്കുന്ന അജ്ഞാത വസ്തുക്കള്‍ കണ്ടതായി നിരവധി പേര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അന്യഗ്രഹ ജീവികള്‍ എന്ന സങ്കല്‍പ്പം ഇന്നും ഒരു രഹസ്യമായി തുടരുന്നു. നിരവധി സംഘടനകളാണ് പറക്കും തളികകളുടെ അസ്തിത്വം തെളിയിക്കാനായി ഗവേഷണം നടത്തുന്നത്. എന്നാല്‍ ഇന്നുവരെ ഇത്തരം ജീവികള്‍ ഉണ്ടോ എന്നതിനെ കുറിച്ച് കൃത്യമായ ഉത്തരം നല്‍കാനാര്‍ക്കുമായിട്ടില്ല. എന്നാല്‍, അന്യഗ്രഹ ബഹിരാകാശ പേടകങ്ങള്‍ ഭൂമി സന്ദര്‍ശിക്കുന്നതിനെക്കുറിച്ചുള്ള നിഗുഢതകളും സിദ്ധാന്തങ്ങളും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്.
1960കളിലും 70കളിലും, യു.എഫ്.ഒ.കള്‍ അഥവാ പറക്കും തളികകള്‍ അമേരിക്കയിലെ സൈനിക താവളങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന അവകാശ വാദങ്ങള്‍ കൂടുതലയായി പ്രചരിച്ച് തുടങ്ങിയത്. ഭൂമിയിലേക്ക് അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകാമെന്നാണ് ഒരുകൂട്ടര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഇതിനെല്ലാം പാടെ തള്ളിയാണ് അമേരിക്കയിലെ പെന്റഗണ്‍ രംഗത്ത് എത്തിയിരിക്കുന്നത്.