CMDRF

സൈനികശേഷിയിൽ ഇസ്രയേലും, ഇറാനും തുല്യരാണോ!

സൈനികശേഷിയിൽ ഇസ്രയേലും, ഇറാനും തുല്യരാണോ!
സൈനികശേഷിയിൽ ഇസ്രയേലും, ഇറാനും തുല്യരാണോ!

സ്മായിൽ ഹനിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന്റെ സാഹചര്യത്തിൽ ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഉടൻ ആക്രമണം നടത്തുമെന്നുമുള്ള സൂചനകൾ‍ മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ വർദ്ധിപ്പിച്ചിരിക്കുന്നു.

കൊലപാതകത്തിൽ തങ്ങളുടെ പങ്ക് ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, ഇസ്രായേൽ-ഹമാസ് യുദ്ധം 300 ദിവസം പിന്നിട്ടതോടെ ഗാസയിൽ മരണസംഖ്യ 40,000 കടന്നു. പ്രതീക്ഷിക്കുന്ന പ്രത്യാക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കാനും കൂടുതൽ വിനാശകരമായ പ്രാദേശിക സംഘർഷം തടയാനും അമേരിക്കയും സഖ്യകക്ഷികളും തയ്യാറെടുക്കുന്നു. ഇനി ലോകം അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരു യുദ്ധം ആയിരിക്കുമോ?

മിഡിൽ ഈസ്റ്റിലെ അതിശക്തമായ സൈനിക ശക്തികൾ എന്ന് ഇരു രാജ്യങ്ങളെയും എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങൾ കൈവശം വച്ചിരിക്കാമെന്ന് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്, ഈ സാഹചര്യത്തിൽ, ഉണ്ടാവുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും.

ഇസ്രയേലിന്റെ കരുത്ത്

∙ രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജൻസ് മികവ് എന്നിങ്ങനെ പല മേഖലകളിൽ മുന്നിലുള്ള രാജ്യമാണ് ഇസ്രയേൽ.
∙ 9,043,900 ജനസംഖ്യയുള്ള ഇസ്രയേലിൽ 170,000 സജീവ സൈനികരും 465,000 റിസർ‍വ് സൈനിക വിഭാഗവുമുണ്ട്.

∙ 1376 ടാങ്കുകളും 43,407 കവചിത വാഹനങ്ങളും 650 പീരങ്കികളും 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്.

∙ ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോർവിമാനങ്ങൾ അടക്കം ഇസ്രയേൽ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാർട്ട് ബോംബുകൾ ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണുള്ളത്.

∙ 500 മെർകാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകർക്കുന്ന അയേൺ ഡോം അടക്കമുള്ള മിസൈൽ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്.

∙ സ്‌റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതിൽ 30 എണ്ണം വിമാനങ്ങളിൽ നിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.

∙ ആണവശക്തിയാണെങ്കിലും യുദ്ധത്തിൽ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളിൽ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകൾ നിർണായക സ്വാധീനമാവുകയും ചെയ്യും.

ഇറാന്റെ കരുത്ത്

∙ നിലവിൽ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇറാനുണ്ട്. അടുത്തിടെയായി ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവിൽ ഉയർന്നിട്ടുണ്ടത്രെ. വെപ്പൺസ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
∙ 79,050,000 ജനസംഖ്യയുള്ള ഇറാനിൽ 610,000 സജീവ സൈനികരും 350,000 റിസർവ് സൈനിക അംഗങ്ങളുമുണ്ട്.

∙ 1996 ടാങ്കുകളും 65,765 കവചിതവാഹനങ്ങളും 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാൻ ആക്രമണ നിരയിലുണ്ട്.

∙ 551 യുദ്ധവിമാനങ്ങളും 186 ആക്രമണ വിമാനങ്ങളുമുണ്ട്( പല വിമാനങ്ങളും കാലപഴക്കത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനാൽ പ്രവർത്തന നിരതമായതിന്റെ എണ്ണം രഹസ്യമാണ്

∙ എന്നാൽ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. സ്വന്തം ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇറാൻ ഗണ്യമായ മുന്നേറ്റം നടത്തി

∙ ഖൈബർ ബസ്റ്റർ എന്ന ഇറാൻ മിസൈലിന് സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം.

∙ തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.

Top