CMDRF

നൂഡില്‍സ് ആരോഗ്യത്തിന് നല്ലതാണോ

നൂഡില്‍സ് ആരോഗ്യത്തിന് നല്ലതാണോ
നൂഡില്‍സ് ആരോഗ്യത്തിന് നല്ലതാണോ

പെട്ടന്ന് വിശപ്പ് വന്നാല്‍ നമ്മളില്‍ പലരും ആദ്യം തിരയുന്ന ഒന്നാണ് നൂഡില്‍സ്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം എന്ന് മാത്രമല്ല നല്ല രുചിയും,വിശപ്പും വേഗം അടങ്ങിക്കോളും. എന്നാല്‍ അമിതമായ നൂഡില്‍സ് ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയ പോഷക ഗുണങ്ങള്‍ ഒന്നും തന്നെ നൂഡില്‍സില്‍ ഇല്ല. പകരം ഉയര്‍ന്ന കലോറിയുള്ള ഭക്ഷണമാണ് ഇത്. സ്ഥിരം ഇന്‍സ്റ്റന്റ് നൂഡില്‍സിനെ ആശ്രയിക്കുന്നവരെങ്കില്‍ തീര്‍ച്ചയായും ആരോഗ്യത്തെ മോശമായ ഈതിയില്‍ തന്നെ ഇത് ബാധിക്കും. മാത്രമല്ല ഇതില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിരിക്കുന്നു, നൂഡില്‍സിന് രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇവ പൊതുവെ സുരക്ഷിതമാണെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയു്‌നനത് ഉയര്‍ന്ന എംഎസ്ജി ഉപഭോഗം ശരീരഭാരം, തലവേദന, ഓക്കാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ്. നൂഡില്‍സില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, അമിതമായ സോഡിയം ഉപഭോഗം നമ്മുടെ അവയവങ്ങളെ ബാധിക്കുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. മൈദ കൊണ്ടാണ് പലപ്പോഴും ഈ നൂഡില്‍സ് തയ്യാറാക്കാറുള്ളത്.

ധാന്യങ്ങളെ അപേക്ഷിച്ച് മൈദയില്‍ നാരുകളും അവശ്യ പോഷകങ്ങളും കുറവാണ്. വലിയ അളവില്‍ മൈദ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാന്‍ ഇടയാക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള ഇവ കഴിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും. ചീത്ത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയ ഉത്പന്നമാണ് നൂഡില്‍സ്, എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹാനികരമായ പ്രിസര്‍വേറ്റീവുകളായ ടെര്‍ഷ്യറി ബ്യൂട്ടൈല്‍ഹൈഡ്രോക്വിനോണ്‍ , ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്സിയാനിസോള്‍ പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ഉണ്ട്. ഈ രാസവസ്തുക്കള്‍ ചെറിയ അളവില്‍ സുരക്ഷിതമാണെങ്കിലും, ദീര്‍ഘകാല ഉപഭോഗം ദോഷകരമാണ്. ഇവ നാഡീസംബന്ധമായ തകരാറുകള്‍, ലിംഫോമയ്ക്കുള്ള സാധ്യത, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

Top