വളരെ പെട്ടെന്ന് ഭാരം കുറയുമ്പോൾ നമ്മുടെ ശരീരത്തിൻ്റെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകളാണ് സട്രെച്ച് മാർക്കുകൾ. സാധാരണയായി അല്ലെങ്കിൽ പൊതുവെ ഗർഭിണികൾക്ക് പ്രസവ ശേഷം ഇത് കണ്ടു വരാറുണ്ട്.എന്നാൽ വില കൂടിയ ട്രീറ്റ് മെൻ്റുകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളിൽ പലരും ശ്രമിക്കാറുണ്ട്.
വിപണിയിൽ ലഭിക്കുന്ന ക്രീമുകളും പതിവായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഈ പ്രശ്നം പലപ്പോഴും മാറുന്നില്ല എന്നതാണ് പലരുടെയും വിഷമം. ഇത് നമ്മുടെ ആത്മവിശ്വാസത്തെ പോലും സാരമായി ബാധിക്കാം. എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: യുവത്വം നിലനിർത്തുന്നതിന് ഒരു കിടിലൻ ഹെൽത്തി സ്മൂത്തി…
കറ്റാർവാഴ
ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരു പരിഹാരം ഇതിലുണ്ട്. കറ്റാർവാഴ നിത്യവും ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ ഏറെ സഹായിക്കാറുണ്ട്. ചർമ്മത്തിന് തണുപ്പ് നൽകാനും കൂടാതെ നാച്യുറൽ മോയ്ചറൈസറായും ഇത് പ്രവർത്തിക്കും. കൂടാതെ ആൻ്റി ഓക്സിഡൻ്റുകളായ വൈറ്റമിൻ എയും സിയുമൊക്കെ ഇതിലുണ്ട്. മാത്രമല്ല ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാർവാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേർത്ത് തേയ്ക്കുന്നത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്കുകളെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്.
മുട്ടയുടെ വെള്ള
ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് കുഞ്ഞൻ മുട്ടകൾ. അതുകൊണ്ടുതന്നെ മുട്ടയുടെ വെള്ള ചർമ്മത്തിന് നന്നായി ജലാംശം നൽകാൻ സഹായിക്കാറുമുണ്ട്. സ്ട്രെച്ച് മാർക്ക് മാറ്റാൻ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ശേഷം ഉണങ്ങി കഴിയുമ്പോൾ ഇത് പതുക്കെ വലിച്ച് എടുത്ത് കളയാവുന്നതാണ്. അതിന് ശേഷം അവിടെ കുറച്ച് മോയ്ചറൈസറോ അല്ലെങ്കിൽ എണ്ണയോ തേച്ച് പിടിപ്പിക്കുക.
Also Read: നെയിൽപോളിഷ് കളയാൻ ഇതാ ചില എളുപ്പ വഴികൾ !
നാരങ്ങ നീര്
നാരങ്ങ നീരിൽ ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അടങ്ങിയിട്ടുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അതുപോലെ വൈറ്റമിൻ സിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. നാരങ്ങ നീര് മാത്രമായോ അല്ലെങ്കിൽ അൽപ്പം വെള്ളരിക്കയുടെ നീരിനൊപ്പമോ ചേർത്ത് ഇത് തേയ്ക്കാവുന്നതാണ്. സ്ട്രെച്ച് മാർക്ക് മാറ്റാനും ചർമ്മത്തിന് നല്ല ഉന്മേഷം നൽകാനും ഇത് ഏറെ സഹായിക്കും.
വെളിച്ചെണ്ണയും ബദാം ഓയിലും
ചർമ്മത്തിനൊപ്പം മുടിയ്ക്കും ഒരുപോലെ ഗുണം നൽകുന്നതാണ് വെളിച്ചെണ്ണ. കൂടാതെ ബദാം ഓയിലും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇതിലുണ്ട്. വെളിച്ചെണ്ണയും ബദാം ഓയിലും ഒരേ അളവിലെടുത്ത് സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഒറ്റയ്ക്ക് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ദീർഘ നാളത്തെ ഉപയോഗം സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.