മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ് അഥവാ മങ്കിപോക്‌സ് വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന ഒരു രോഗം. ഈ രോഗം മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്.
ഏറ്റവും കൂടുതൽ തവണ രോഗവ്യാപനമുണ്ടായതും ഈ രാജ്യത്ത് തന്നെയാണ്. എന്നാൽ ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം കെട്ടുപൊട്ടിച്ച് ആദ്യമായി ആഗോള ആശങ്കയാകുന്നത് 2022ലാണ്.
Also Read: ഭയക്കണം മഞ്ഞപ്പിത്തത്തെ ! അറിയാം, പ്രതിരോധിക്കാം…
എംപോക്സിന്റെ വകഭേദങ്ങൾ മനസിലാക്കാം….
എം പോക്സ് വൈറസിനുള്ളത് രണ്ട് വകഭേദങ്ങളാണ്. ക്ലേഡ് വണ്ണും ക്ലേഡ് ടുവും. അവയ്ക്ക് തന്നെ ഉപ വകഭേദങ്ങളുമുണ്ട്. 2022നും 2023നും ഇടയിൽ എംപോക്സ് ആദ്യമായി ലോകവ്യാപകമായി പടർന്നപ്പോൾ കാരണക്കാരൻ ക്ലേഡ് ടു ബി വകഭേദമായിരുന്നു. അന്ന് കോംഗോയും നൈജീരിയയും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വരെ അന്ന് രോഗമെത്തി. അങ്ങനെ ലോകാരോഗ്യ സംഘടന ആദ്യമായി എംപോക്സ് വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2023ഓടെ രോഗം നിയന്ത്രണവിധേയമായി.
ഇപ്പോൾ പകരുന്നത് വ്യാപന ശേഷി കൂടുതലുള്ള വകഭേദം!
ഇപ്പോൾ നമ്മൾ ഭയപ്പെടുന്ന വില്ലൻ ക്ലേഡ് വൺ ബി വകഭേദമാണ്. അതേസമയം മുൻ വകഭേദങ്ങളെക്കാൾ വ്യാപന ശേഷി കൂടുതലാണ് ഇതിന്. അതായത് കോംഗോയിൽ കേസുകളുടെ എണ്ണവും മരണനിരക്കും അതിവേഗമുയർന്നു. രോഗവ്യാപനം ഉയർന്നതോടെ മരണനിരക്ക് ഇപ്പോൾ അഞ്ച് ശതമാനത്തിന് അടുത്താണ്.
ലക്ഷണങ്ങൾ
ശരീരം മുഴുവൻ പൊങ്ങുന്ന കുരുക്കൾ തന്നെയാണ് ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ലക്ഷണം. അത് കൂടാതെ പ്രധാന രോഗലക്ഷണങ്ങളായി കടുത്ത പനി, തലവേദന, പേശി വേദന, എന്നീ പ്രശ്നങ്ങളും കൂടെയുണ്ടാകും. കഴുത്തിലെ ലസികാഗ്രന്ഥികളിൽ കലശലായ വേദനയും നെഞ്ചുവേദനയും, ശ്വസിക്കാൻ ബുദ്ധിമുട്ടും ചേരുമ്പോഴാണ് ഈ രോഗം തീവ്രമാകുന്നത്.
മുൻകരുതൽ
രോഗബാധിതരുമായുള്ള നമ്മുടെ അടുത്ത സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. വായുവിലൂടെ അധിക ദൂരം ഈ വൈറസ് പടരില്ല. പക്ഷേ അടുത്തടുത്ത് നിന്ന് സംസാരിക്കുമ്പോൾ വളരെ കരുതൽ വേണം. രോഗിയെ സ്പർശിക്കാതിരിക്കുക, കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്നിവയാണ് മുൻകരുതൽ മാർഗങ്ങൾ. അതേസമയം രോഗമുക്തി നേടാൻ രണ്ട് മുതൽ നാലാഴ്ച വരെ സമയമെടുത്തേക്കും. പ്രത്യേകം വാക്സീൻ ഇത് വരെ കണ്ടെത്തിയിട്ടില്ലെങ്കിലും വസൂരി വാക്സീൻ എംപോക്സിനെതിരെയും ഫലപ്രദമാണെന്നാണ് ഇത് വരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Also Read: മഴക്കാലമാണ്; അകറ്റാം രോഗം പടർത്തും കൊതുകിനെ
രോഗലക്ഷണങ്ങൾ കണ്ടാൽ നമ്മൾ പെട്ടെന്ന് തന്നെ സ്വയം ക്വാറൻ്റീനിൽ പ്രവേശിക്കുകയാണ് നല്ലത്. അതോടൊപ്പം രോഗി ഉപയോഗിക്കുന്ന ശുചിമുറിയും സോപ്പും മറ്റും മറ്റുള്ളവർ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അതേപോലെ രോഗ പ്രതിരോധനത്തിന് മാസ്ക് ഉപയോഗം ശീലമാക്കണം.