ചിലരെ കണ്ടിട്ടില്ലെ എപ്പോഴും വിശപ്പായിരിക്കും. എത്ര കഴിച്ചിട്ടും എന്താണ് വിശപ്പ് മാറാത്തത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെ നിങ്ങള്‍ക്ക്? അതിന്റെ കാരണം പലതുണ്ടായിരിക്കും. ശരിയായ രീതിയിലുള്ള ആഹാരവും ജീവിതശൈലിയുമൊക്കെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചില പോഷകങ്ങളുടെ അഭാവം, ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയൊക്കെ കാരണമാകാം ഇങ്ങനെ എപ്പോഴും വിശക്കുന്നത്. ശരീരത്തിന് തരുന്ന ചില സൂചനകളാണിത്. ജലാംശം നിലനിര്‍ത്തുന്നതും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണ്. മെറ്റബോളിസം, ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഫലമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, സ്‌ട്രെസ് ലെവലുകള്‍, അന്തര്‍ലീനമായ മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയും വിശപ്പിന്റെ അളവിനെ സ്വാധീനിക്കും.
ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയാണ് പ്രമേഹം. ഈ അവസ്ഥയെ പേടിക്കേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും വിശപ്പ് തോന്നുന്നത് ഒരുപക്ഷെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായിരിക്കാം. ശരീരം ഇന്‍സുലിന്‍ ഉത്പ്പാദനം ശരിയായി നടത്താതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് കോശങ്ങള്‍ക്ക് ശരിയായ ഊര്‍ജ്ജം കിട്ടാതാക്കുകയും എപ്പോഴും വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും. ഈ അടുത്ത കാലത്തായി പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാവാം ഉറക്കമില്ലായ്മ. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. ഇത് വിശപ്പ് കൂട്ടും. വിശപ്പിന്റെ ഹോര്‍മോണുകളെ ബാധിക്കുന്നതിലൂടെ ആണ് വിശപ്പ് കൂടുന്നത്. ഇത് കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാന്‍ ഇടയാക്കും.
ജോലി ഭാരം, വീട്ടിലെ പ്രശ്‌നങ്ങള്‍, അമിതമായ മറ്റ് ടെന്‍ഷനുകള്‍ എല്ലാം മാനസിക സമ്മര്‍ദ്ദം കൂട്ടാനുള്ള കാരണങ്ങളാണ്. സമ്മര്‍ദ്ദം കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണും ക്രമാതീതമായി ഉയരും. ഇത് അമിതമായ വിശപ്പിന് കാരണമാകും. വിശപ്പില്ലെങ്കിലും വിശപ്പ് തോന്നിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതിനെയാണ് സ്‌ട്രെസ് ഈറ്റിങ് എന്ന് വിളിക്കുന്നത്. എപ്പോഴും വിശപ്പ് തോന്നുന്നതിന്റെ മറ്റൊരു പ്രധാന കാരണം പ്രോട്ടീനിന്റെ അഭാവമാണ്. ദൈനംദിന ഭക്ഷണക്രമത്തില്‍ കൃത്യമായ അളവിലുള്ള പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇത് അമിതമായ വിശപ്പ് കുറയ്ക്കാന്‍ ഏറെ സഹായിക്കും. ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണെങ്കില്‍ എപ്പോഴും വിശപ്പ് തോന്നാന്‍ ഇടയുണ്ട്. വിശപ്പിനെ നിലയ്ക്ക് നിര്‍ത്താന്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ കഴിക്കാന്‍ ശ്രമിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ പ്രധാനമാണ്. ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അനാവശ്യ വിശപ്പിനെ തുരത്താന്‍ ധാരാളം വെള്ളം കുടിക്കുക. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. നിര്‍ജ്ജലീകരണം ഊര്‍ജ്ജത്തെ ഇല്ലാതാക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള കൊതിയും ഇല്ലാതാക്കും.