CMDRF

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന, എതിരാളികൾ കാനഡ

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന, എതിരാളികൾ കാനഡ
കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന, എതിരാളികൾ കാനഡ

ന്യൂജേഴ്സി: കോപ്പ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് ലോക ചാമ്പ്യൻമാരായ അർജന്‍റീന നാളെയിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് തുടങ്ങുന്ന സെമിയിൽ കാനഡയാണ് എതിരാളികൾ. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ലെങ്കിലും വിപിഎന്‍ വഴി നിരവധി വെബ്സൈറ്റുകള്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇതുവഴി ആരാധകര്‍ക്ക് മത്സരം കാണാനാകും.

അർജന്‍റീനയ്ക്കും കോപ്പയ്ക്കും ഇടയിലെ ദൂരം ഒറ്റമത്സരത്തിലേക്ക് ചുരുക്കാനാണ് അ‍ർജന്‍റീന ഇറങ്ങുന്നത്. എന്നാല്‍ ഇതുവരെ പതിവ് മികവിലേക്ക് ഉയരാനായിട്ടില്ല നിലവിലെ ചാമ്പ്യൻമാർക്ക്. എതിരാളികൾ കാനഡ ആയതിനാൽ ലിയോണൽ മെസിക്കും സംഘത്തിനും സെമിയിലും കാര്യമായ ആശങ്കകളില്ല.

ഉദ്ഘാടന മത്സരത്തിൽ രണ്ടുഗോളിന് തോറ്റെങ്കിലും ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അര്‍ജന്‍റീനയെ അട്ടിമറിച്ചാലും അത്ഭുഭതപ്പെടേണ്ടെന്നാണ് കാനഡ പരിശീലകന്‍ ജെസെ മാർഷിന്‍റെ മുന്നറിയിപ്പ്. ക്വാർട്ടറിൽ ഗോളടിക്കാൻ പാടുപെട്ട അർജന്‍റീന ഷൂട്ടൗട്ടിലാണ് ഇക്വഡോറിനെ മറികടന്നത്. ടീമിന്‍റെ പ്രകടനത്തിൽ കോച്ച് ലിയോണൽ സ്കലോണി ഒട്ടും തൃപ്തനല്ല. അതുകൊണ്ടുതന്നെ കാനഡയ്ക്കെതിരെ ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്.

മുന്നേറ്റത്തിൽ നിക്കോ ഗോൺസാലസ്, ലൗറ്റരോ മാർട്ടിനസ് എന്നിവർക്ക് പകരം ഏഞ്ചൽ ഡി മരിയയും ജൂലിയൻ അൽവാരസും മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് പകരം ജിയോവനി ലോസെൽസോയോ ലിയാൻഡ്രോ പരേഡസോ ടീമിലെത്തും.ഗോളി എമി മാർട്ടിനസിനും പ്രതിരോധ നിരയ്ക്കും ഇളക്കമുണ്ടാവില്ല. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഗോള്‍ കണ്ടെത്താനാവാത്ത മെസി പരിക്കിൽനിന്ന് മുക്തനായി യഥാർഥ ഫോമിലേക്ക് എത്തിയാൽ അർജന്‍റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കാനഡ സെമിയിലേക്ക് മുന്നേറിയത്.

Top