ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ലയണല്‍ മെസ്സിയടക്കം കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ ഭൂരിപക്ഷം താരങ്ങളും കളത്തിലുണ്ടായിട്ടും ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പരാഗ്വെയോട് മെസ്സിപ്പടയുടെ തോല്‍വി. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മൂന്നാം തോല്‍വിയാണിത്. സെപ്റ്റംബറില്‍ കൊളംബിയയോടും അര്‍ജന്റീന തോറ്റിരുന്നു (1-2). 11-ാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസിലൂടെ ലീഡെടുത്ത ശേഷമായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.
എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പന്ത് മാര്‍ട്ടിനെസ് വലയിലാക്കുകയായിരുന്നു. വാര്‍ പരിശോധനയ്ക്കു ശേഷമാണ് ഗോള്‍ അനുവദിക്കപ്പെട്ടത്. എന്നാല്‍ 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയിലൂടെ പരാഗ്വെ ഒപ്പമെത്തി. റൈറ്റ് ബാക്ക് ഗുസ്താവോ വെലാസ്‌ക്വെസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഒമര്‍ അല്‍ഡെറെട്ടെയിലൂടെ പരാഗ്വെ വിജയ ഗോളും നേടി. ഗുസ്താവോ ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്.
Also Read: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍
എന്നാല്‍ ഗര്‍നാച്ചോയേയും പരേഡെസിനെയും ഗോണ്‍സാലോ മൊണ്‍ഡിയേലിനെയും പകരക്കാരായി കളത്തിലിറക്കിയിട്ടും അര്‍ജന്റീനയ്ക്ക് സമനില ഗോള്‍ പോലും കണ്ടെത്താനായില്ല. കഴിഞ്ഞ മത്സരത്തില്‍ ബൊളീവിയയെ ആറു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന എത്തിയത്.തോറ്റെങ്കിലും റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലുള്ള യോഗ്യതാ റൗണ്ടില്‍ 11 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.
അതേസമയം മറ്റൊരു മത്സരത്തില്‍ ബ്രസീല്‍, വെനസ്വേലയോട് സമനിലയില്‍ കുരുങ്ങി (1-1). വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലീന് വിജയഗോള്‍ നേടാന്‍ സാധിച്ചില്ല. 43-ാം മിനിറ്റില്‍ റഫീഞ്ഞ്യയിലൂടെ മുന്നിലെത്തിയ ബ്രസീലിനെതിരേ 46-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ വെനസ്വേല സമനില പിടിക്കുകയായിരുന്നു.