പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തേക്കുള്ള സ്ഥാനാർഥിത്തർക്കം ബിജെപിയിൽ രൂക്ഷമാകുന്നു. ഇന്നലെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും തീരുമാനം ഉണ്ടായില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ആളുകളുടെ ആവശ്യം. എന്നാൽ മറ്റൊരു വിഭാഗം ഉന്നയിക്കുന്നത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനാർഥി ആകണം എന്നതാണ്. ഇന്നലെ നടത്തിയ അഭിപ്രായ സർവേയിൽ 34 പേർ ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ചു. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് 22 അംഗങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.
ഇതേസമയം അഭിപ്രായ സർവ്വേ യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ അനുകൂലികളെ മാറ്റിനിർത്താൻ നീക്കം നടുന്നവെന്നു ആരോപണങ്ങളുണ്ട്. യോഗത്തിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വിവരങ്ങൾ സംസ്ഥാന-ദേശീയ നേതാക്കൾക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വമാണ് അഭിപ്രായ സർവേ നടത്താൻ കുമ്മനം രാജശേഖരന് ചുമതല ഏൽപ്പിച്ചത്. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. ഇനി വയനാട് മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. എന്നാൽ ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.